തലശ്ശേരി: തലശ്ശേരി നഗരത്തില്‍ മണിയറ കുത്തിത്തുറന്ന് നവവധുവിന്‍െറ 93 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ‘സൈമി’ല്‍ ലസ്നയുടെ 19 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ലസ്നയും മാതാവും രണ്ട് സഹോദരങ്ങളുമാണ് വീട്ടില്‍ താമസം.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് വീട് പൂട്ടി ധര്‍മടത്തെ മാതാവിന്‍െറ വീട്ടിലേക്ക് പോയ ലസ്നയും മാതാവും സഹോദരങ്ങളും വെള്ളിയാഴ്ച തിരിച്ചുവന്നെങ്കിലും പെട്ടെന്ന് മടങ്ങി. വോട്ട് ധര്‍മടത്തായതിനാല്‍ രേഖപ്പെടുത്തിയശേഷം തിങ്കളാഴ്ച വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ട വിവരം അറിയുന്നത്.
ബാല്‍ക്കണിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മുകളിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഹറായി ലഭിച്ച ഏഴ് പവന്‍ മാല ഉള്‍പ്പെടെ ഏഴ് മാല, ഏഴ് വലിയ വള, 12 ചെറിയ വള, ഒരു ബ്രേസ്ലെറ്റ് ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് അലമാര പൊളിച്ച് കവര്‍ന്നത്. അലമാരയിലുണ്ടായിരുന്ന 600 രൂപയും മോഷണം പോയി.
ആഗസ്റ്റ് 13നായിരുന്നു പെരിങ്ങാടി സ്വദേശിയുമായി ലസ്നയുടെ വിവാഹം.  ലസ്നയുടെ പിതാവ് ലത്തീഫ് സൗദിയിലും ഭര്‍ത്താവ് ദുബൈയിലുമാണ്.
തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡിവൈ.എസ്.പി സാജുപോള്‍, സി.ഐ വി.കെ. വിശ്വംഭരന്‍, എസ്.ഐ കെ.വി. രാജീവന്‍ എന്നിവരും വിരലടയാള വിദഗ്ധ പി. സിന്ധുവും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. കനത്ത സുരക്ഷയൊരുക്കി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന മോഷണത്തില്‍ നാട്ടുകാരും പൊലീസും ഞെട്ടിയിരിക്കുകയാണ്.
റോഡില്‍നിന്ന് അല്‍പം അകലെ സ്ഥിതി ചെയ്യുന്ന വീടായതിനാല്‍ ശ്രദ്ധ പതിയാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം.
അതേസമയം, വീട് പൂട്ടിപ്പോകുമ്പോള്‍ പൊലീസിനെ അറിയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും അറിയിച്ചില്ളെന്നും പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.