കോട്ടയം: ധനമന്ത്രി കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതു മുന്നണി നേതാക്കളുമായി നടത്തിയ രഹസ്യചര്‍ച്ചകളുടെ ഇടനിലക്കാരന്‍ താനായിരുന്നെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. എന്നാല്‍, ഇതെവിടെ വെച്ചാണെന്നോ ചര്‍ച്ചയില്‍ ആരൊക്കെ പങ്കെടുത്തുവെന്നോ വെളിപ്പെടുത്തില്ല. അത് തന്‍െറ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ് ക്ളബിന്‍െറ ത്രിതലം-2015 പരിപാടിയില്‍ ജോര്‍ജ് പറഞ്ഞു.
സി.പി.എം നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാല്‍ യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. താനടക്കമുള്ള 112 അംഗ സംസ്ഥാന കമ്മിറ്റിയിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശം നടത്തി ഈ തീരുമാനമെടുത്തത്. മാണി മുഖ്യമന്ത്രിയാകുമെന്ന് അറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടി ബാര്‍കോഴ വിവാദത്തില്‍ അദ്ദേഹത്തെ കുടുക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാറിന്‍െറയും സഹായം ആവശ്യമാണെന്ന് വന്നതോടെ മാണി തീരുമാനം മാറ്റി.
ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് സി.പി.എമ്മിന്‍െറ ഭാഗത്തുനിന്നാണോ കേരള കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നാണോ എന്ന ചോദ്യത്തിന് പണ്ടത്തേപ്പോലെ എല്ലാത്തിനും ചാടിക്കയറി ഉത്തരം പറയാന്‍ ഇനി താനില്ളെന്നും ഇപ്പോള്‍ മറവി രോഗമുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിലെ എല്ലാ തരികിടകളുടെയും ആസൂത്രകന്‍ ഉമ്മന്‍ ചാണ്ടിയാണ്. പാമോലിന്‍ കേസില്‍ കരുണാകരനെ തകര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയും എം.എം. ഹസനും ചേര്‍ന്ന് സി.പി.എം നേതാക്കള്‍ക്ക് എല്ലാ രേഖകളും കൈമാറി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ധനമന്ത്രി സ്ഥാനം രാജിവെച്ചു. ഇത്തരത്തില്‍ നിരവധി പേരെ ഉമ്മന്‍ ചാണ്ടി കുടുക്കിയിട്ടുണ്ട്.
സ്വശ്രയ കോളജ് വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെയും മാണിയെയും കൂട്ടുപിടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എ.കെ. ആന്‍റണിയെ നാടുകടത്തിയതും ഉമ്മന്‍ ചാണ്ടിയാണ്. ഇതിനായി കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെയും തെറ്റിദ്ധരിപ്പിച്ചു. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ട്. മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധി കണ്ടിട്ടില്ളെന്ന് പറയുന്ന എ.കെ. ആന്‍റണി ഉറക്കം നടിക്കുകയാണ്. വിധിയുടെ ഒമ്പതാം പേജില്‍ മാണി കുറ്റക്കാരനാണെന്ന് വിജിലന്‍സ് ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും അറിഞ്ഞിട്ടില്ളെന്ന് ഉമ്മന്‍ ചാണ്ടിയും പറയുന്നു. കേസ് കൈവിട്ടുപോയ ഘട്ടത്തില്‍ മാണി രാജിവെക്കാന്‍ തീരുമാനിച്ചെങ്കിലും ജോസ് കെ. മാണി പിന്തിരിപ്പിച്ചു.
ഡി.ജി.പി ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ചീഫ് സെക്രട്ടറി ജിജി തോംസനാണ് ആദ്യം നോട്ടീസ് നല്‍കേണ്ടത്. പ്രസ്താവനകള്‍ നടത്തി സര്‍ക്കാറിനെ എത്രയോ തവണ വെട്ടിലാക്കിയ ആളാണ് ജിജി തോംസണ്‍. ജേക്കബ് തോമസിന്‍െറ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സൂക്ഷിച്ചില്ളെങ്കില്‍ സ്വയം നഗ്നനാകുമെന്ന മുന്നറിയിപ്പും ജോര്‍ജ് നല്‍കി.
നാട്ടുകാരനായിട്ടും അഞ്ചു വര്‍ഷമായി ഫോണില്‍ പോലും ജേക്കബ് തോമസുമായി സംസാരിച്ചിട്ടില്ല. തന്‍െറ പിന്തുണ എല്‍.ഡി.എഫിന് ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ ഭരണം കിട്ടാന്‍ സഹായിക്കും. വെള്ളാപ്പള്ളി-ബി.ജെ.പി കൂട്ടുകെട്ട് എല്‍.ഡി.എഫിന്‍െറ വോട്ട് കുറയാന്‍ ഇടയാക്കില്ല. യു.ഡി.എഫിനെ പിന്തുണച്ച മുസ്ലിം സമുദായം എല്‍.ഡി.എഫിനൊപ്പമാണ്. ക്രൈസ്തവ വിഭാഗവും സമാന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.