കൊച്ചി: മെട്രോ നിര്‍മാണത്തിന്‍െറ മറവില്‍ എം.ജി റോഡില്‍ അര്‍ധരാത്രി ഹോട്ടല്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിക്കെതിരെ നടപടിക്ക് ശിപാര്‍ശ. സഫയര്‍ ഹോട്ടല്‍ പൊളിച്ച സംഘത്തലവനുമായി സി.ഐക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഹരിശങ്കര്‍ തിങ്കളാഴ്ച കമീഷണര്‍ എം.പി. ദിനേശിന് കൈമാറും. കെട്ടിടം പൊളിക്കുന്നതിനുമുമ്പ് സി.ഐക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുയിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മെട്രോ നിര്‍മാണത്തിന്‍െറ മറവില്‍ നടന്ന കെട്ടിടം പൊളിക്കല്‍ സംഭവം പൊലീസ് ഇടപെട്ട് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.സി.പി ഇടപെട്ടത്. അതേസമയം, ഫ്രാന്‍സിസ് ഷെല്‍ബിയെ കൂടാതെ ചില ഉന്നതരാഷ്ട്രീയ ബന്ധങ്ങളും പ്രതികള്‍ക്കുള്ളതായാണ് സൂചന. നടപടി ഉറപ്പായതോടെ ഫ്രാന്‍സിസ് ഷെല്‍ബി കഴിഞ്ഞദിവസം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍, സി.ഐക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്നും നടപടിയെടുക്കേണ്ടത് താനല്ളെന്നും കമീഷണര്‍ എം.പി. ദിനേശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നവംബര്‍ 16ന് പുലര്‍ച്ചെ രണ്ടിനായിരുന്നു കൊച്ചി മെട്രോ തൊഴിലാളികളുടെ വേഷത്തില്‍ സംഘം ഹോട്ടല്‍ പൊളിച്ചുമാറ്റാനത്തെിയത്. സംഭവത്തില്‍ രണ്ട് എക്സ്കവേറ്റര്‍ ഡ്രൈവര്‍മാരുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിടം പൊളിക്കാന്‍ നേതൃത്വം നല്‍കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിലായ ജയ്മോനുമായി സി.ഐ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.