കാലിക്കറ്റ് കാമ്പസില്‍ പെണ്‍സുരക്ഷ വേണ്ടത്രയില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തൽ

കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വേണ്ടത്ര സുരക്ഷയില്ളെന്ന് അന്വേഷണ സമിതിയുടെ കണ്ടത്തെല്‍. ചുറ്റുമതിലില്ലാത്തതിനാല്‍ പെണ്‍സുരക്ഷ ആശങ്കജനകമാണെന്നും ഇതുസംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ കഴമ്പുണ്ടെന്നുമാണ് പഠനവകുപ്പ് മേധാവികള്‍ അംഗങ്ങളായ സമിതിയുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ അഭിപ്രായം കൂടി കേട്ടശേഷം സമിതി റിപ്പോര്‍ട്ട് അടുത്തയാഴ്ച വൈസ് ചാന്‍സലര്‍ക്ക് കൈമാറും.
ഫിലോസഫി പഠനവിഭാഗം മേധാവി ഡോ. കെ. ഗോപിനാഥ് കണ്‍വീനറായ ഏഴംഗ സമിതിയാണ് സുരക്ഷാപ്രശ്നം അന്വേഷിക്കുന്നത്. ഇദ്ദേഹത്തിനു പുറമെ സമിതി അംഗങ്ങളായ ഡോ. മുഹമ്മദ് മുസ്തഫ, ഡോ. കെ.കെ.ഗീതകുമാരി, ഡോ. എ.ബി.മൊയ്തീന്‍ കുട്ടി, ഡോ. നാഗേന്ദ്ര ശ്രീനിവാസ് എന്നിവര്‍ രാപ്പകല്‍ കാമ്പസ് ചുറ്റിക്കറങ്ങിയ ശേഷമാണ് പെണ്‍സുരക്ഷാവീഴ്ചയില്‍ കാര്യമുണ്ടെന്ന ധാരണയിലത്തെിയത്.
ആര്‍ക്കും എപ്പോഴും പ്രവേശിക്കാവുന്ന തരത്തിലാണ് കാമ്പസിന്‍െറ സ്ഥിതി. വനിതാ ഹോസ്റ്റല്‍ വളപ്പിലേക്ക് എളുപ്പം കയറാമെന്നത് ഗുരുതര പ്രശ്നമാണ് ഉയര്‍ത്തുന്നത്. സുരക്ഷാഗേറ്റുകള്‍ അടച്ചിട്ടാലും ബൈക്കുകള്‍ക്ക് യഥേഷ്ടം കാമ്പസിനകത്തേക്ക് കയറാനാവും. പുറമെ നിന്നുള്ളവര്‍ കാമ്പസില്‍ എപ്പോഴുമുള്ളതിനാല്‍ പെണ്‍കുട്ടികള്‍ ഉന്നയിക്കുന്ന പരാതി തള്ളിക്കളയാനാവില്ല. സര്‍വകലാശാല പാര്‍ക്ക്, സ്റ്റേഡിയം തുടങ്ങിയവ പുറമെ നിന്നുള്ളവര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. ചുറ്റുമതില്‍ കെട്ടുന്നതിനൊപ്പം സുരക്ഷാജീവനക്കാരുടെ എണ്ണവും കൂട്ടേണ്ടതുണ്ട്. കാമ്പസിനകത്തേക്ക് കയറുന്നവരെ നിയന്ത്രിക്കാന്‍ സംവിധാനം വേണം. ഗേറ്റുകളുടെ എണ്ണം കുറക്കുകയും ചുറ്റുമതില്‍ നിര്‍മാണം വേഗത്തിലാക്കുകയും വേണം. രാത്രിയില്‍ കത്താത്ത ലൈറ്റുകളാണ് മിക്കതും. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയും വേണം. കാലിക്കറ്റ് കാമ്പസിലെ സുരക്ഷ സംബന്ധിച്ച് ഹൈകോടതി നിര്‍ദേശ പ്രകാരം നിയമിച്ച അഡ്വ. സീമന്തിനി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സമിതി വിലയിരുത്തി.
കാമ്പസിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്നാണ് സീമന്തിനി റിപ്പോര്‍ട്ടിന്‍െറ പ്രധാന നിര്‍ദേശം. ദേശീയപാത മുഖ്യകവാടത്തിനു പുറമെ ആറ് ഗേറ്റുകളാണ് 600 ഓളം ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കാമ്പസിലുള്ളത്. തലങ്ങും വിലങ്ങും പൊതുജനങ്ങള്‍ക്ക് കയറാവുന്ന കാമ്പസ് എന്നത് അംഗീകരിക്കാന്‍ ആവില്ളെന്ന് സമിതിയംഗങ്ങള്‍ പറഞ്ഞു.
സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമ വിഭാഗവും കാമ്പസില്‍ സുരക്ഷയില്ളെന്ന റിപ്പോര്‍ട്ട് തന്നെയാണ് സമര്‍പ്പിച്ചത്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ളെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച വി.സിയുടെ അധ്യക്ഷതയില്‍ നടന്ന പഠനവകുപ്പ് മേധാവികളുടെ യോഗത്തിലാണ് സമിതിയെ നിയോഗിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.