ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊല: പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം


ആമ്പല്ലൂര്‍: ക്രിസ്മസ് ദിനത്തില്‍ പറപ്പൂക്കരയിലുണ്ടായ ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മുരിയാട് പനിയത്ത് വിശ്വജിത് (33), മണ്ണംപ്പേട്ട തെക്കേക്കര രായപ്പന്‍വീട്ടില്‍ മെല്‍വിന്‍ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തുക്കളായ പറപ്പൂക്കര നെടുമ്പാളില്‍ വാടകക്ക് താമസിക്കുന്ന പുതുക്കാട് കണ്ണമ്പത്തൂര്‍ സ്വദേശി മിഥുന്‍, തലോര്‍ പനയംപാടം ശ്രീജിത് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ദിവസങ്ങള്‍ക്കുമുമ്പ് മിഥുന്‍െറ ഭാര്യയെ നാട്ടുകാരനായ ശരവണന്‍ കളിയാക്കിയതുമായിബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കളിയാക്കിയ സംഭവത്തില്‍ ശരവണനെ മിഥുന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ഈ വിരോധത്താല്‍ വെള്ളിയാഴ്ച ശരവണന്‍ മിഥുന്‍െറ വീട്ടിലത്തെി അയാളുടെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയും മിഥുനെ ഉപദ്രവിക്കുകയും ചെയ്തു. വൈകീട്ട് മൂന്നോടെ ക്രിസ്മസ് ആഘോഷിക്കുന്നതിനായി വിശ്വജിത്, ശ്രീജിത്, മെല്‍വിന്‍ എന്നിവര്‍ മിഥുന്‍െറ വീട്ടിലത്തെി. തന്നെ ആക്രമിക്കുന്നതിനായി മിഥുന്‍ കൂട്ടുകാരെ വിളിച്ചുവരുത്തിയതാണെന്ന് ധരിച്ച ശരവണന്‍ തന്‍െറ കൂട്ടാളികളെ വിളിച്ചുവരുത്തി. തുടര്‍ന്ന് നേരത്തെയുണ്ടായ പ്രശ്നം ഒത്തുതീര്‍ക്കാം എന്നുപറഞ്ഞ് മിഥുനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി. ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്ന് സംസാരിക്കുന്നതിനിടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു.
വെട്ടേറ്റുകിടന്ന വിശ്വജിത്തിനെയും മെല്‍വിനെയും നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. കൊലനടന്ന സ്ഥലത്ത് ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അവിടെ നിന്ന് ലഭിച്ച ആയുധങ്ങളിലെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു. പുതുക്കാട് പൊലീസിന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ശരവണന്‍, ഇയാളുടെ കൂട്ടുകാരായ ആനന്ദപുരം സ്വദേശികളായ മക്കു രതീഷ്, രഞ്ജിത് ഇവരുടെ കൂട്ടാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ്  പുതുക്കാട് സി.ഐ എന്‍. മുരളീധരന്‍െറ നേതൃത്വത്തില്‍ അന്വേഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.