ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ദേശം നടപ്പായില്ല ഇവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

പയ്യന്നൂര്‍: സംസ്ഥാനത്തെ ഹോട്ടല്‍, ബേക്കറി, കാറ്ററിങ് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാവര്‍ത്തികമായില്ല. കേരളത്തിലത്തെുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന നിര്‍ദേശവും നടപ്പായില്ല. കുറ്റകൃത്യങ്ങളും മറ്റും തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമായിരുന്നു ഈ നിര്‍ദേശം.
കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ വന്‍ പകര്‍ച്ചവ്യാധി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്തെിയത്.
താമസിക്കുന്ന സ്ഥലങ്ങള്‍ക്കുചുറ്റും ഈച്ചയും കൊതുകും പെരുകുന്ന നിലയില്‍ മാലിന്യം കുന്നുകൂടിക്കിടക്കുകയാണെന്നും മിക്കയിടങ്ങളിലും കക്കൂസ് ടാങ്കും പൈപ്പും പൊട്ടി മലിനജലം പുറത്തേക്കൊഴുകുന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനോ മലിനജലം ഒഴുക്കിവിടുന്നതിനോ സൗകര്യങ്ങളില്ല. ഏറെ ഇടുങ്ങിയ മുറികളില്‍ 10ഉം 15ഉം പേരാണ് താമസിക്കുന്നത്. ഇത്രയും പേര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇതുമൂലം തൊഴിലാളികള്‍ക്ക് കടുത്ത സാംക്രമികരോഗം വ്യാപകമായി പടര്‍ന്നുപിടിക്കാനും ഇത് തദ്ദേശീയര്‍ക്കുകൂടി ഭീഷണിയാവാനും സാധ്യതയുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി മലമ്പനി, മന്ത്, കുഷ്ഠം എന്നിവ കണ്ടത്തെിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഴുവന്‍ താമസസ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഹെല്‍ത്ത് സൂപര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ പരിശോധനയിലാണ് ചേരികള്‍ക്ക് തുല്യമായ താമസസ്ഥലങ്ങള്‍ കണ്ടത്തെിയതും പകര്‍ച്ചവ്യാധി ഭീഷണി സ്ഥിരീകരിച്ചതും.
അതേസമയം കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ മൂന്നിലൊന്നും ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് കേരള ആസൂത്രണ ബോര്‍ഡ് നടത്തിയ സാമ്പിള്‍ പഠനത്തില്‍ കണ്ടത്തെി.
കെട്ടിട നിര്‍മാണം, ഹോട്ടല്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴിലാളികള്‍ ഉള്ളത്. ഹോട്ടല്‍ മേഖലയില്‍ 100 ശതമാനം വരെ കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ഇവര്‍ക്കൊന്നും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുള്ള താമസ സ്ഥലങ്ങളില്ല.
ആസൂത്രണബോര്‍ഡ് സര്‍വേയില്‍ 377 സ്ഥാപനങ്ങളില്‍ 144 എണ്ണത്തിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കേരളത്തിലത്തെുന്ന മറുനാടന്‍ തൊഴിലാളികളില്‍ ഭൂരിപക്ഷവും ബംഗാളികളാണ്.
അസം, യു.പി, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരും കേരളത്തിലത്തെുന്നു.
ബേക്കറി, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ അത് വന്‍ദുരന്തമായിരിക്കും നാടിന് സമ്മാനിക്കുകയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അതുകൊണ്ട് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യവും മറ്റും ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.