സംസ്​ഥാനത്തെ തദ്ദേശ സ്​ഥാപനങ്ങളിൽ വരുന്നു, അയൽസഭ

പെരിന്തൽമണ്ണ: ഗ്രാമസഭകളെ ശാക്തീകരിക്കാൻ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും അയൽസഭ വരുന്നു. പുതിയ സാമ്പത്തിക വർഷത്തിനുമുമ്പ് ഗ്രാമ–നഗര സഭകളിൽ അയൽസഭ രൂപവത്കരിക്കണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങി. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. അയൽസഭയിൽ ചർച്ചചെയ്ത ശേഷമേ ഇനി വികസനകാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കാനാവൂ. അയൽസഭകളെയും വാർഡ് വികസനസമിതികളെയും ശക്തിപ്പെടുത്താനുള്ള മാർഗനിർദേശങ്ങളും ഭേദഗതിയും അംഗീകരിച്ചുള്ള ഉത്തരവിലാണ് അയൽസഭ സംബന്ധിച്ച് സുപ്രധാന തീരുമാനം.

വാർഡിലെ 50 മുതൽ 100 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് അയൽസഭകൾ രൂപവത്കരിക്കുക. പ്രദേശത്ത് വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും അയൽസഭയിൽ അംഗങ്ങളാണ്. 11 അംഗ നിർവാഹക സമിതിക്കായിരിക്കും ഭരണച്ചുമതല. ഇതിൽനിന്ന് ചെയർമാനെയും കൺവീനറെയും കണ്ടെത്തണം. ഇതിലൊരാൾ വനിതയാകും. നിർവാഹക സമിതിയിലെ ആറ് അംഗങ്ങൾ വനിതകളാകണമെന്നതാണ് പ്രധാന വ്യവസ്ഥ. അയൽസഭകളുടെ ഏകോപന കേന്ദ്രമായി ഇതിനകം സജ്ജമാക്കിയ വാർഡുതല സേവാഗ്രാം എന്ന പേരിലുള്ള ഗ്രാമകേന്ദ്രവും വാർഡ് വികസനസമിതികളും പ്രവർത്തിക്കും.

കൂടുതൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കിയ പദ്ധതി രൂപവത്കരണം, ഗുണഭോക്തൃ തെരഞ്ഞെടുപ്പ്, പദ്ധതിനടത്തിപ്പിലെ പങ്കാളിത്തം എന്നിവ അയൽസഭകളിലൂടെ വാർഡുതല വികസനസമിതിയിലെത്തും. അയൽസഭകളിലെ രണ്ടുവീതം അംഗങ്ങളും ഗ്രാമസഭ നേരിട്ട് തെരഞ്ഞെടുക്കുന്ന അംഗങ്ങളും ഉൾപ്പെട്ടതാണ് വാർഡ് വികസനസമിതി. അതത് പ്രദേശത്തെ വികസനപ്രവർത്തനങ്ങളുടെ മുൻഗണന നിശ്ചയിക്കൽ, ഗുണഭോക്തൃപട്ടിക തയാറാക്കാൻ സഹായിക്കൽ, വികസനപ്രവർത്തനങ്ങൾ നിരീക്ഷിക്കൽ എന്നിവക്കുപുറമെ അനധികൃത നിർമാണങ്ങൾ, വയൽ, തണ്ണീർത്തടങ്ങൾ എന്നിവ നികത്തൽ, കുന്നിടിക്കൽ, മലിനീകരണം തുടങ്ങിയവ സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് വിവരം നൽകേണ്ടതും അയൽസഭകളാണ്. അഞ്ചുലക്ഷം രൂപ വരെയുള്ള മരാമത്ത്പണി ഗുണഭോക്തൃസമിതിക്ക് ഏറ്റെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.