ഡിസംബര്‍ ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം

പെരിന്തല്‍മണ്ണ: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ഭാഗമായി പെരിന്തല്‍മണ്ണയില്‍ മാധ്യമവും-സഫാ ജ്വല്ലറിയും സംഘടിപ്പിക്കുന്ന ഡിസംബര്‍ ഫെസ്റ്റിന് മാനത്ത്മംഗലം ബൈപാസ് നഗരിയില്‍ പ്രൗഢോജ്ജ്വല തുടക്കം. ഡിസംബര്‍ 27വരെ നീളുന്ന മേളയുടെ ഉദ്ഘാടനം നിറഞ്ഞ സദസ്സില്‍ ശനിയാഴ്ച വൈകീട്ട് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ജില്ലയില്‍ മൂന്നാം തവണയും ‘മാധ്യമം’ ഏറ്റെടുത്ത് നടത്തുമ്പോള്‍ നേരത്തേ തിരൂരിലും കോട്ടക്കലിലും നടത്തിയതിനെക്കാള്‍ ജനപങ്കാളിത്തം പ്രകടമാകുന്നതിന്‍െറ ലക്ഷണങ്ങളാണ് ഉദ്ഘാടന ദിനത്തിലെ സദസ്സെന്ന് അനില്‍കുമാര്‍ പറഞ്ഞു. കലാ സായാഹ്നത്തിന്‍െറ ഉദ്ഘാടനം പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു.
മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ, സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍, സഫാ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ കെ.ടി.എം.എ. സലാം എന്നിവര്‍ സംസാരിച്ചു. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ജില്ലാ കോഓഡിനേറ്റര്‍ അശ്റഫ് പുളിക്കല്‍, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹീം കോട്ടക്കല്‍, റെസിഡന്‍റ് മാനേജര്‍ കെ.വി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. മാധ്യമം ജനറല്‍ മാനേജര്‍ എ.കെ. സിറാജ് അലി സ്വാഗതവും ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
സുല്‍ഫി മഞ്ചേരിയുടെ ഗാനാവതരണം, ഞെരളത്ത് ഹരിഗോവിന്ദന്‍െറ ഇടയ്ക്ക വാദനം, എം.80 ഫെയിം വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി, അതുല്‍, അഞ്ജു എന്നിവരുടെ ഹാസ്യകലാപ്രകടനം തുടങ്ങിയവ ശനിയാഴ്ച അരങ്ങേറി. അടുത്ത എട്ട് ദിവസവും വൈകീട്ട് കലാ സാംസ്കാരിക പരിപാടികളുണ്ടാവും.
കലാപരിപാടികള്‍ ആറ് മണിയോടെ ആരംഭിക്കും. ഞായറാഴ്ച ഹിന്ദി സിനിമയിലെ ജനപ്രിയഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ സംഗീത വിരുന്ന് ‘യാദേന്‍’ അരങ്ങേറും. പ്രശസ്ത ഗായകരായ നിഷാദ്, കീര്‍ത്തന, സൗരവ് കിഷന്‍, അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.