ബി.ജെ.പിയുടെ കടിഞ്ഞാൺ കുമ്മനത്തിന്‍റെ കൈകളിൽ

കോട്ടയം: തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ സംസ്ഥാന രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായ കുമ്മനം രാജശേഖരെൻറ കൈകളിൽ ഇനി ബി.ജെ.പിയുടെ കടിഞ്ഞാൺ. ബി.ജെ.പിയിൽ ഒരു ‘മിസ്ഡ് കാൾ’ അംഗം പോലുമല്ലാത്ത ഒരാൾ  നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നതും ആദ്യമായി. ആർ.എസ്.എസിെൻറ പ്രചാരക സ്ഥാനത്തുനിന്ന് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം എത്തിയതോടെ പാർട്ടി സംസ്ഥാന ഘടകത്തിെൻറ പൂർണ നിയന്ത്രണവും ഇനി ആർ.എസ്.എസിനായി. ആർ.എസ്.എസ് സംസ്ഥാന ഘടകം നിർദേശിച്ച പട്ടികയിലെ ഒന്നാമനെത്തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വം അംഗീകരിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുവരെ സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പി സ്വീകരിച്ചു പോന്ന മൃദുസമീപനം ഇനി ഏശില്ലെന്ന തിരിച്ചറിവും തീവ്രഹിന്ദുത്വത്തിലൂടെ കേരളം പിടിക്കാമെന്ന കണക്കുകൂട്ടലും കുമ്മനത്തിെൻറ നിയമനത്തിന് പിന്നിലുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്കും ഗ്രൂപ് ചേരിതിരിവിനും കടിഞ്ഞാണിടുന്നതിനൊപ്പം വെള്ളാപ്പള്ളി നടേശനെ നിയന്ത്രിച്ച് കൂട്ടത്തിൽ ഉറപ്പിച്ച് നിർത്തുകയെന്നതും കുമ്മനത്തിലൂടെ കേന്ദ്ര നേതൃത്വം കാണുന്നുണ്ട്. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയിൽ സജീവ സാന്നിധ്യമായിരുന്നു കുമ്മനം.

1987ൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ചരിത്രമുള്ള കുമ്മനത്തെ നേതാവാക്കുന്നതോടെ ഹിന്ദുത്വ അജണ്ടയിൽ ഈന്നിയുള്ള പോരാട്ടമാകും കേരളത്തിൽ ഇനിയെന്ന സന്ദേശവും ബി.ജെ.പി മുന്നോട്ടുവെക്കുന്നു. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജം ജനറൽ സെക്രട്ടറിയും ജന്മഭൂമി പത്രത്തിെൻറ ചെയർമാനും എന്ന നിലയിൽ കുമ്മനത്തിെൻറ പ്രവർത്തനങ്ങളിൽ ആർ.എസ്.എസ് സംതൃപ്തരാണ്. കോട്ടയത്തിന് സമീപം കുമ്മനത്ത് വാളാവള്ളിയിൽ അഡ്വ. രാമകൃഷ്ണ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ് രാജശേഖരൻ. നിലക്കൽ പ്രക്ഷോഭം, പാലിയം വിളംബരം വിഷയങ്ങളിൽ മുഖ്യസ്ഥാനം വഹിച്ചു. 1987ൽ കേന്ദ്രസർക്കാർ സർവിസിൽനിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം ആർ.എസ്.എസിെൻറ മുഴുവൻ സമയ പ്രവർത്തകനായി.

ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവർത്തനങ്ങളും കുമ്മനത്തെ ശ്രദ്ധേയനാക്കി. കുമ്മനം ഗവ. യു.പി സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി കോട്ടയം സി.എം.എസ് കോളജിൽനിന്ന് ബി.എസ്സിയും മുംബൈയിൽനിന്ന് പത്രപ്രവർത്തനത്തിൽ പി.ജി ഡിപ്ലോമയും നേടി. ദീപികയിലായിരുന്നു പത്രപ്രവർത്തന ജീവിതത്തിെൻറ തുടക്കം. രാഷ്ട്രവാർത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി പത്രങ്ങളിലും പ്രവർത്തിച്ചു. 1981ൽ കൊച്ചിയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായി. സംഘടനാ തത്ത്വമനുസരിച്ച് മുഴുവൻ സമയ പ്രചാരകനായതോടെ കുടുംബത്തിൽനിന്നകന്ന് അവിവാഹിതനായാണ് ജീവിതം.

1981ൽ വിശ്വഹിന്ദു പരിഷത്തിെൻറ സംസ്ഥാന ജോയൻറ് സെക്രട്ടറിയായി. 1983ൽ നിലക്കൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറായി.1985ൽ ഹിന്ദു മുന്നണി ജനറൽ സെക്രട്ടറിയായി. 1988ൽ ഗുരുവായൂർ ക്ഷേത്ര ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറിയായി. 1989ൽ ജന്മഭൂമി (കൊച്ചി) എഡിറ്ററായി. പിന്നീട് ഹിന്ദു ഐക്യവേദി ജനറൽ കൺവീനറും വി.എച്ച്.പിയുടെ ഓർഗനൈസിങ് സെക്രട്ടറിയുമായി.  2007ൽ ജന്മഭൂമി പത്രത്തിെൻറ മാനേജിങ് ഡയറക്ടറും 2011ൽ ചെയർമാനുമായി.   കൊച്ചി എളമക്കരയിലെ ആർ.എസ്.എസ് ആസ്ഥാനത്താണ് സ്ഥിരതാമസം.  
‘ആറന്മുള’ തുണയായി
ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ എത്തിക്കുന്നതിൽ ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തിൽ ആർജിച്ച ജനപ്രീതിയും തുണയായി. സംസ്ഥാനത്ത് അടുത്തിടെ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ നേടിക്കൊടുത്ത സമരമായിരുന്നു ആറന്മുളയിലേത്. പദ്ധതിയോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മൃദുസമീപനമായിരുന്നെങ്കിലും കുമ്മനത്തിെൻറ കർക്കശ നിലപാടാണ് അവരെയും വിമാനത്താവള പദ്ധതിയെ തള്ളിപ്പറയാൻ നിർബന്ധിതമാക്കിയത്.

ഇടതുപക്ഷവും ബി.ജെ.പിയും ദലിത്, പരിസ്ഥിതി സംഘടനകളുമെല്ലാം ഒത്തൊരുമിച്ചതായിരുന്നു ആറന്മുള സമരത്തിെൻറ പ്രത്യേകത.  തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതാവായിട്ടും കുമ്മനത്തിനൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, മുല്ലക്കര രത്നാകരൻ തുടങ്ങിയവർ ആറന്മുളയിൽ വേദി പങ്കിടാൻ തയാറായി. കൊല്ലം ജില്ലയിലെ അരിപ്പയിലെ ഭൂസമരത്തിലും ഇദ്ദേഹം സജീവമായിട്ടുണ്ടായിരുന്നു.
-ബിനു ഡി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.