ഓൺലൈൻ സംവിധാനം പണിമുടക്കി: പാസ്​പോർട്ടിന് അപേക്ഷിക്കാനാവാതെ ആയിരക്കണക്കിന് അപേക്ഷകർ

പഴയങ്ങാടി: ഓൺലൈൻ വഴി പാസ്പോർട്ട് അപേക്ഷ ഫീസടക്കുന്നതിന് തടസ്സം നേരിട്ടതോടെ  ആയിരക്കണക്കിന് അപേക്ഷകർ ദുരിതത്തിലായി. നാല് ദിവസമായി തുടരുന്ന സാങ്കേതിക തടസ്സം  പരിഹരിക്കാനായിട്ടില്ല. തുടർന്നുള്ളത് രണ്ട് അവധി ദിവസങ്ങൾ കൂടിയായതിനാൽ തടസ്സം പരിഹരിക്കപ്പെട്ടാലും ഇനി തിങ്കളാഴ്ച മാത്രമായിരിക്കും  അപേക്ഷകർക്ക് പാർപോർട്ട് സേവാകേന്ദ്രങ്ങളിൽ എത്താൻ കഴിയൂ. പാസ്പോർട്ട് പുതുക്കൽ, പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), എമിഗ്രേഷൻ ക്ലിയറൻസ് മുദ്രണം എന്നിവയും മുടങ്ങി.

നാല് ദിവസമായി രാജ്യത്താകമാനമുള്ള  തകരാറിനെ കുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് പാസ്പോർട്ട് ഓഫിസുകളുടെ കീഴിലുള്ള സേവാ കേന്ദ്രങ്ങൾ വഴി ദിനംപ്രതി ശരാശരി 1200 പുതിയ പാസ്പോർട്ട് അപേക്ഷകളാണ് സമർപ്പിക്കപ്പെടുന്നത്. കുവൈത്ത് വിസ പാസ്പോർട്ടിൽ മുദ്രണം ചെയ്യുന്നതിന് പാസ്പോർട്ട് ഓഫിസുകളിൽ നിന്ന് അനുവദിക്കുന്ന പി.സി.സി കൂടി സമർപ്പിക്കണം. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയ പാസ്പോർട്ടുകളിൽ നിന്ന് ഈ മുദ്രണം നീക്കിയാലേ തൊഴിൽ വിസ ലഭിച്ചവർക്ക് യാത്ര സാധ്യമാവൂ. ഇതിനും പുതിയ പാസ്പോർട്ടിനാണ്  അപേക്ഷിക്കേണ്ടത്.

ഇതോടെ, തൊഴിൽ വിസ ലഭിച്ച്  ടിക്കറ്റ് റിസർവ് ചെയ്തവർക്കും  എമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. പാസ്പോർട്ടിന് ഓൺലൈൻ സവിധാനം 2012 മാർച്ച് മുതലാണ് നടപ്പാക്കിയത്. ഇതോടെ മുഴുവൻ അപേക്ഷകളും സേവാ കേന്ദ്രങ്ങൾ വഴിയായി. പാസ്പോർട്ട് പ്രിൻറ് ചെയ്ത് ലാമിനേഷൻ പൂർത്തിയാക്കി നൽകുന്ന ചുമതല മാത്രമാണ് ഇപ്പോൾ പാസ്പോർട്ട് ഓഫിസുകൾക്കുള്ളത്. ഓൺലൈനിലൂടെ അപേക്ഷ പൂരിപ്പിച്ച് പ്രിെൻറടുത്ത് ദേശസാത്കൃത ബാങ്ക് വഴി പാസ്പോർട്ട് ഫീസടക്കാനുള്ള സംവിധാനം നേരത്തേ നിലവിലുണ്ട്. ഇതിന് കാലതാമസം വരുമെന്നതിനാൽ അപേക്ഷകർ ഈ രീതി അവലംബിക്കാറില്ല. സാങ്കേതിക തകരാറിന് ഉടൻ പരിഹാരമാവുമെന്ന പ്രതീക്ഷയിൽ ഈ സംവിധാനം ഇപ്പോഴും ആളുകൾ ഉപയോഗപ്പെടുത്തുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.