അതിർത്തി കടന്നെത്തിയ ബംഗ്ലാദേശ് യുവതിക്ക് ഇന്ന് മടക്കം

മണ്ണാർക്കാട്: മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിയ 23 വയസ്സുകാരിയായ ബംഗ്ലാദേശ് യുവതിയെ വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചയക്കും. നീണ്ട നിയമനടപടികൾക്കൊടുവിലാണ് യുവതിക്ക് മോചനമാകുന്നത്. 2013 ഒക്ടോബർ 16ന് പുലർച്ചെ കുമരംപുത്തൂർ ചുങ്കത്ത് മണ്ണാർക്കാട് എസ്.ഐ ദീപക്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് പിടികൂടിയ ബംഗ്ലാദേശിലെ പുല്ല ജില്ലയിലെ മുഹമ്മദ് നൂറ് ഇസ്ലാം സിക്കിറിയുടെ മകൾ സുലേഖയാണ് പൊലീസിെൻറ ഇടപെടൽ മൂലം സ്വദേശത്തേക്ക് മടങ്ങുന്നത്.

ദാരിദ്യ്രം മൂലം ജോലി തേടി അനധികൃതമായാണ് ഇവർ ഇന്ത്യയിലെത്തിയത്. തുടർന്ന് കിട്ടിയ ട്രെയിനിൽ പാലക്കാട്ടെത്തിയെങ്കിലും കൂടെയുണ്ടായിരുന്ന രണ്ടുപേരിൽ നിന്ന് കൂട്ടംതെറ്റി കുമരംപുത്തൂർ ചുങ്കത്ത് എത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി. പാലക്കാട് സബ്ജയിലിൽ കഴിയവെ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് 2014 ഫെബ്രുവരി നാലിന് യുവതിയെ ആറുമാസത്തേക്ക് കോടതി ശിക്ഷിക്കുകയും തുടർന്ന് തൃശൂർ സ്പെഷൽ വനിതാ സബ്ജയിലിലേക്ക് മാറ്റുകയും ചെയ്തു. 2014 ആഗസ്റ്റിൽ ശിക്ഷാ കാലാവധി കഴിഞ്ഞതിനെതുടർന്ന് മുട്ടിക്കുളങ്ങരയിലെ മഹിളാമന്ദിരത്തിൽ താമസിച്ച് വരികയായിരുന്നു.

സ്വദേശത്തേക്ക് മടക്കിയയക്കുന്നതിെൻറ ഭാഗമായി സംസ്ഥാന–കേന്ദ്ര സർക്കാറുകൾ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ടു. നടപടികൾ പൂർത്തിയായതിനെതുടർന്ന് ബംഗ്ലാദേശ് എംബസിയുടെ നിർദേശപ്രകാരം 2016 ജനുവരി ആറിന് മുമ്പ് യുവതിയെ അതിർത്തിയിൽ കൈമാറാൻ കേന്ദ്രസർക്കാർ ഉത്തരവായി. കൊൽക്കത്തയിലെ ഹൗറയിലെത്തി അവിടെ നിന്ന് പൊലീസ് സഹായത്തോടെ ഹരിധസ്പൂരിലെ ഐ.സി.പി ബി.എസ്.എഫ് അതിർത്തി പോസ്റ്റിൽ കൈമാറാനാണ് ഉത്തരവ്.

യുവതിയുമായി വ്യാഴാഴ്ച രാത്രി പത്തിന് ഷാലിമാർ എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മണ്ണാർക്കാട് എ.എസ്.ഐ നാരായണൻകുട്ടി, വനിതാ പൊലീസുകാരായ ബിന്ദു, സീന, എ.ആർ ക്യാമ്പിലെ പ്രിയേഷ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പോകുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.