കൊച്ചി പുറങ്കടലിൽ സംയുക്ത സേനാ മേധാവി യോഗം ഇന്ന്

കൊച്ചി: ഡൽഹിക്ക് പുറത്ത് ആദ്യമായി നടക്കുന്ന സംയുക്ത സേനാ മേധാവി  യോഗത്തിന് കൊച്ചി പുറങ്കടൽ ഇന്ന് സാക്ഷിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകുന്ന യോഗം കാലത്ത് 9.15 നു തുടങ്ങും. ഉച്ചക്ക് 1.30 വരെയാണ് യോഗം നടക്കുക. കൊച്ചിയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ (74 കി മീ) അകലെ നങ്കൂരമിട്ട വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിലാണ് യോഗം. കേന്ദ്ര പ്രതിരോധമന്ത്രി മോഹൻ പരീക്കർ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ദോവൽ എന്നിവർ പ്രധാനമന്ത്രിയോടൊപ്പംഉണ്ടാകും.
കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറൽ ആർ കെ ധോവൻ, വ്യോമസേനാ മേധാവി എയർമാർഷൽ അരൂപ് റാഹ എന്നിവരാണ്‌ പ്രധാനമന്ത്രിയെ സ്വീകരിക്കുക. അദൃശ്യ ശത്രു, അപ്രതീക്ഷിത ആക്രമണം എന്നിവയാണ് പ്രധാന അജണ്ട. തീരസുരക്ഷ, സൈനിക രംഗത്ത്‌ അടിയന്തിരമായി വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയവ ചർച്ചാ വിഷയങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തെ സൈനിക നേട്ടങ്ങൾ, പ്രതീക്ഷിക്കുന്ന വെല്ലുവിളികൾ എന്നിവ യോഗത്തിൽ അവതരിപ്പിക്കും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹിയിൽ നടന്ന സംയുക്ത സേനാ മേധാവി യോഗത്തിൽ സംസാരിക്കവേ , ഡൽഹിക്ക് പുറത്തു ഇത്തരം യോഗങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർദേശിച്ചത്. അതനുസരിച്ച് ദക്ഷിണമേഖലാ നാവിക കേന്ദ്രത്തോട് യോഗം സംഘടിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

284 മീറ്റർ നീളവും 66 മീറ്റർ ഉയരവും 45000 ടണ്‍ കേവു ഭാരവുമുള്ള ഐ.എൻ.എസ് വിക്രമാദിത്യ എ.കെ ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ റഷ്യയിൽ നിന്ന് വാങ്ങിയതാണ്. ഈ കപ്പൽ വാങ്ങുന്നതിനെതിരെ ബി.ജെ പി.സമരം നടത്തിയിരുന്നു.1600 പേർ ജോലി ചെയ്യുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ഈ വിമാനവാഹിനിയിൽ  24 മിഗ് വിമാനങ്ങളും 10 ഹെലികൊപ്ടറുകളും ഇറങ്ങാൻ സൌകര്യമുണ്ട്.
സംയുക്ത സേനാ മേധാവി യോഗത്തിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും പുറമേ, ആഭ്യന്തര-വിദേശ-ധനകാര്യ മന്ത്രിമാരും പങ്കെടുക്കാറുണ്ട്. എന്നാൽ പാർലിമെന്റ് നടക്കുന്നതിനാൽ മോദിയോടൊപ്പം പരീക്കർ മാത്രമേ ഉണ്ടാകൂ. അതേ സമയം ഉയർന്ന റാങ്കിലുള്ള ഏതാനും ഗവർമെന്റ് സെക്രട്ടറിമാർ യോഗത്തിലുണ്ടാകും.

കൊച്ചി പുറങ്കടലിൽ ഐ.എൻ.എസ് വിരാട് അടക്കം കപ്പലുകളുടെ ഗാർഡ് ഓഫ് ഓണർ ഉണ്ടായിരിക്കും.  യോഗത്തിന് ശേഷം പ്രധാനമന്ത്രി ഹെലികോപ്ടറിൽ കൊല്ലത്തേക്ക് പോകും .  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.