സോളാർ വിഷയത്തിൽ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സോളാര്‍ കമീഷന്‍റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ബഹളം രൂക്ഷമായതോടെ തിടുക്കത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് വി.എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം സ്പീക്കറുടെ ഒാഫീസ് ഉപരോധിച്ചു. പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.

അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. സോളാര്‍ കമീഷനെ ആഭ്യന്തര മന്ത്രി പരസ്യമായി ശാസിച്ചുവെന്നും മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ.സുരേഷ് കുറുപ്പാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഈ സമ്മേളന കാലയളവില്‍ തന്നെ നിരവധി തവണ വിഷയം ചര്‍ച്ച ചെയ്തതാണെന്നും ഇനി അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വേണമെങ്കില്‍ ആദ്യ സബ്മിഷനായി അംഗീകരിക്കാമെന്ന സ്പീക്കറുടെ നിര്‍ദേശം പ്രതിപക്ഷം തള്ളി. ഇതോടെ ബഹളവുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സബ്മിഷനും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. ഇതേതുടർന്നാണ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറി സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചത്.

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റിരുന്നു. പിന്നീട് സ്പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ചോദ്യോത്തരവേളയോടു പ്രതിപക്ഷം സഹകരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.