കൊച്ചി: രാജിവെച്ച തന്നെ കേരള കോണ്‍ഗ്രസ് -എം നല്‍കിയ പരാതിയില്‍ അയോഗ്യനാക്കിയതിനെതിരെ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ ഹരജി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടെ താന്‍ രാജിവെച്ചിരുന്നു. ഇത് പരിഗണിക്കാതെ ജനപ്രതിനിധി എന്ന നിലയില്‍നിന്ന് അയോഗ്യനാക്കി സ്പീക്കര്‍ ഉത്തരവിടുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു.
സ്പീക്കര്‍ എന്‍. ശക്തന്‍െറ നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഹരജിയിലെ ആരോപണം. കേരള കോണ്‍ഗ്രസിലെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ച തരത്തിലായിരുന്നു താന്‍ സ്വീകരിച്ച നിലപാടും പെരുമാറ്റവും പ്രവൃത്തികളുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
എന്നാല്‍, പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ അനുശാസിക്കുന്നത് പ്രകാരം സ്വമേധയാ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്ന നടപടി തന്നില്‍നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പരാതിയില്‍ സ്പീക്കറുടെ ഇടപെടല്‍ അനാവശ്യമായിരുന്നു.
സ്പീക്കര്‍ നടത്തിയ തെളിവെടുപ്പില്‍ ആരോപണങ്ങള്‍ താന്‍ നിഷേധിച്ചതാണ്. പരാതിയില്‍ സ്പീക്കറുടെ അന്വേഷണം നടക്കുന്നതിനിടെ നേരിട്ടത്തെി എം.എല്‍.എ സ്ഥാനം രാജിവെക്കുന്ന കത്ത് സ്പീക്കര്‍ക്ക് നല്‍കി. രാജി ലഭിച്ചാല്‍ സ്പീക്കര്‍ അത് സ്വീകരിക്കണമെന്നാണ് നിയമം. സ്വമേധയാ അല്ല രാജിയെന്ന് പരാതി ഉണ്ടെങ്കില്‍ സ്പീക്കര്‍ക്ക് ഇക്കാര്യം അന്വേഷണത്തിന് വിധേയമാക്കാമെന്നും ചട്ടത്തില്‍ പറയുന്നു. നേരിട്ടത്തെിയാണ് രാജിക്കത്ത് നല്‍കിയതെന്നതിനാല്‍ തന്‍െറ കാര്യത്തില്‍ ഇത്തരമൊരു അന്വേഷണത്തിന്‍െറ ആവശ്യമില്ല. രാജിക്കത്ത് സപീക്കര്‍ കൈപ്പറ്റുകയും ചെയ്തു.
എന്നിട്ടും ചീഫ് വിപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയോഗ്യനാക്കി. സ്പീക്കറുടെ നടപടി നിയമവിരുദ്ധം മാത്രമല്ല, സ്വജനപക്ഷപാതവും ക്രമക്കേടുമാണെന്നും ഹരജിയില്‍ പറയുന്നു. സ്പീക്കറെയും ചീഫ് വിപ്പിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.