മുല്ലപ്പെരിയാര്‍: ജലനിരപ്പ് 142 അടി; ഷട്ടറുകള്‍ തുറന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ ഇടുക്കി ജലസംഭരണിയിലേക്ക് തമിഴ്നാട് ജലം തുറന്നുവിട്ടു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലത്തെിയത്. അണക്കെട്ടിന് സമീപത്തെ സ്പില്‍വേയിലെ ഏഴു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 4200 ഘനഅടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. ഇതിനായി സ്പില്‍വേയിലെ രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട്, ഒമ്പത് ഷട്ടറുകള്‍ ഒന്നരയടി തുറന്നു.

ഇതോടൊപ്പം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് 2000 ഘനഅടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്നതിന് ആറു മണിക്കൂര്‍ മുമ്പ് വിവരം നല്‍കണമെന്ന ഇടുക്കി കലക്ടറുടെ ആവശ്യം കണക്കിലെടുക്കാതെയാണ്  ഷട്ടറുകള്‍ തുറന്നത്. ഇതുമൂലം പെരിയാര്‍ തീരങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ശ്രമകരമായി. ജലം തുറന്നുവിട്ടതോടെ റവന്യൂ, പൊലീസ് ഉള്‍പ്പെടെ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജലം ഒഴുകിയത്തെുന്ന വള്ളക്കടവ് പ്രദേശത്തേക്ക് പാഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 141.9 അടിയായിരുന്നു.  

അണക്കെട്ടില്‍നിന്ന് ജലം തുറന്നുവിടുന്ന സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയാറാക്കണമെന്ന കേരളത്തിന്‍െറ ആവശ്യം രണ്ടു വര്‍ഷമായിട്ടും തമിഴ്നാട് അംഗീകരിച്ചിട്ടില്ല. പ്രതിസന്ധി ഒഴിവാക്കാന്‍ ജലം നേരത്തേ തുറന്നുവിടണമെന്ന കേരളത്തിന്‍െറ നിരന്തര ആവശ്യം തള്ളിയാണ് തമിഴ്നാടിന്‍െറ പിടിവാശി വിജയിച്ചത്. അണക്കെട്ടില്‍ ക്യാമ്പ് ചെയ്തിരുന്ന തമിഴ്നാട് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ വള്ളിയപ്പന്‍െറ നേതൃത്വത്തിലാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്.

അണക്കെട്ടിലുള്ള കേരളത്തിന്‍െറ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെയും ഷട്ടര്‍ തുറക്കുന്ന വിവരം തമിഴ്നാട് അധികൃതര്‍ അറിയിച്ചില്ല. പ്രദേശത്ത് വീണ്ടും മഴ തുടരുന്ന സാഹചര്യത്തില്‍ സ്പില്‍വേയിലെ ശേഷിക്കുന്ന ആറു ഷട്ടറുകളും തുറന്ന് കൂടുതല്‍ ജലം ഇടുക്കിയിലേക്ക് ഒഴുക്കാനാണ് സാധ്യത. 

കേന്ദ്രം റിപ്പോർട്ട് തേടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് കേന്ദ്രന ജലവിഭവ മന്ത്രി ഉമാ ഭാരതി റിപ്പോർട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ജലവിഭവ സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. നാളെ റിപ്പോർട്ട് സമർപ്പിക്കും. ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എം.പി മാർ ഉമാ ഭാരതിയെ കണ്ട് ആശങ്ക അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.