വി.എം. സുധീരന്‍ തുഗ്ലക്കെന്ന് വെള്ളാപ്പള്ളി

മാവേലിക്കര: വി.എം. സുധീരന്‍ ഈ കാലഘട്ടത്തിലെ യഥാര്‍ഥ തുഗ്ളക്കാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍െറ പരിഷ്കാരങ്ങള്‍ കോണ്‍ഗ്രസിനെ കുളമാക്കി. സമത്വമുന്നേറ്റയാത്രയെ തകര്‍ക്കാനാണ് തനിക്കെതിരെ കേസെടുത്തത്. അഞ്ചിന് പുതിയ പാര്‍ട്ടി നിലവില്‍ വരും. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായകമാകും. ന്യൂനപക്ഷത്തിന് ലഭിക്കുന്ന അവകാശം ഹിന്ദുവിന് ലഭിക്കുന്നില്ല. ഇത് ചോദ്യംചെയ്യാന്‍ ആരെങ്കിലും ഉണ്ടായെതീരൂ. മുന്നാക്ക സമുദായമെന്ന് വിശേഷിപ്പിക്കുന്ന നായര്‍ സമുദായത്തിന് പഴയ പ്രതാപം പറയുക എന്നല്ലാതെ ഭൂമിയും സ്വത്തുമൊന്നുമില്ല. തന്നെ ആക്രമിക്കുന്നവര്‍ ന്യൂനപക്ഷത്തില്‍പെട്ട പല പ്രമുഖരുടെയും കൈയിലിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ വസ്തുവിനെക്കുറിച്ച് മിണ്ടുന്നില്ല. മാവേലിക്കരയില്‍ സമത്വമുന്നേറ്റയാത്രക്കുള്ള സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

പാര്‍ട്ടി സെക്രട്ടറിയെ മൂലക്കിരുത്തിയാണ് പോളിറ്റ് ബ്യൂറോ അംഗം സി.പി.എമ്മിന്‍െറ ജാഥ നയിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ ആശിച്ചിരിക്കുന്ന വി.എസിനെ മൂലക്കിരുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാജഗോപാലുമായി കൂടിക്കാഴ്ച നടത്തി
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലും കായംകുളത്ത് ചര്‍ച്ചനടത്തി. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സുഭാഷ് വാസുവിന്‍െറ ഭരണിക്കാവ് മൂന്നാംകുറ്റിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തനിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി സമത്വമുന്നേറ്റജാഥയുടെ സമാപനത്തില്‍ നല്‍കുമെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ പ്രതിയാക്കിയതോടെ സമത്വമുന്നേറ്റജാഥക്ക് ഇരട്ടി പിന്‍ബലമാണ് കിട്ടിയത്. അടിച്ചമര്‍ത്തപ്പെട്ട അവശലക്ഷങ്ങള്‍ക്ക് ആശ്രയം നല്‍കുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്‍െറ അനീതി പുറത്തുപറയുന്നതിലെ അസഹിഷ്ണുതയാണ് വെള്ളാപ്പള്ളിക്കെതിരെയുള്ള കേസെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. സമത്വമുന്നേറ്റജാഥക്ക് കൂടുതല്‍ പ്രചാരണം ഇതിലൂടെ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നത് മാത്രമാണ് നേട്ടം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.