ചെന്നൈയിലെ മഴ: കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതം താളം തെറ്റി

തിരുവനന്തപുരം: ചെന്നൈയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. പാളത്തില്‍ വെള്ളം നിറഞ്ഞതോടെ വ്യാഴാഴ്ച എട്ട് ട്രെയിനുകള്‍ റദ്ദാക്കി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിന്‍ മാര്‍ഗം എത്താനാകാത്ത സ്ഥിതിയാണ്. തിരിച്ചുള്ള ട്രെയിന്‍ ഗതാഗതവും പ്രതിസന്ധിയിലാണ്. സമീപകാലത്തൊന്നും ഇത്തരത്തില്‍ ട്രെയിന്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവന്നിട്ടില്ളെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാത്രി 7.35നുള്ള ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം സെന്‍ട്രല്‍ അനന്തപുരി എക്സ്പ്രസ് (16723), രാത്രി 10.15നുള്ള ചെന്നൈ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് (16859), വൈകീട്ട് 4.10നുള്ള തിരുവനന്തപുരം സെന്‍ട്രല്‍ -ചെന്നൈ എക്സ്പ്രസ് (16724), വൈകീട്ട് 5.30നുള്ള ചെന്നൈ എഗ്മോര്‍-കന്യാകുമാരി എക്സ്പ്രസ് (12633),  വൈകീട്ട് 6.50നുള്ള ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ എക്സ്പ്രസ് (12667), വൈകീട്ട് 5.20നുള്ള കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (12634), രാവിലെ 6.50ന് പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16860), രാത്രി 9.10ന് യാത്ര തിരിക്കേണ്ട ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് എന്നിവയാണ് വ്യാഴാഴ്ച റദ്ദാക്കിയത്. ബുധനാഴ്ച ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇവയില്‍ പലതും വ്യാഴാഴ്ച കേരളത്തിലെത്തേണ്ടവയാണ്.
ട്രെയിനുകള്‍ വൈകുന്നതും വഴിതിരിച്ചുവിടുന്നതും യാത്രക്കാരെ വെട്ടിലാക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരുങ്ങിയവരടക്കം അപ്രതീക്ഷിത റദ്ദാക്കലില്‍ കുടുങ്ങുകയായിരുന്നു. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, തിരുവനന്തപുരം-ഗോരഖ്പൂര്‍ റപ്തിസാഗര്‍ എക്സ്പ്രസ് എന്നിവ ബുധനാഴ്ച റെനിഗുണ്ട, ഗൂഡൂര്‍ റൂട്ട് വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് നാലര മണിക്കൂര്‍ വൈകി ഓടുകയാണ്. വൈകീട്ട് 5 .05ന് പുറപ്പെടുന്ന നാഗര്‍കോവില്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (12668) വെള്ളിയാഴ്ച സര്‍വിസ് നടത്തില്ളെന്ന് റെയില്‍വേ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.