ഓൺലൈൻ പെൺവാണിഭം: യൂനിഫോമിടാത്ത ‘ബിഗ് ഡാഡി’ ആര്

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭസംഘത്തെ കുടുക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ തുടരുന്ന യൂനിഫോമിടാത്ത ‘ബിഗ് ഡാഡി’ ആര്? രണ്ടാഴ്ചയായി പൊലീസ് ഉദ്യോഗസ്ഥരിൽ പലരും പരസ്പരം ചോദിക്കുന്നതാണിത്. പൊലീസ് സേനാംഗമല്ലാത്ത ഈ ഉദ്യോഗസ്ഥൻ കേസിെൻറ ആദ്യനാൾ മുതൽ അന്വേഷണ സംഘത്തോടൊപ്പമുണ്ട്. ഒരു ഐ.ജിയുടെ ഓഫിസിലെ  മിനിസ്റ്റീരിയൽ ജീവനക്കാരനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇതിൽ ഇദ്ദേഹത്തിെൻറ ‘ദൗത്യ’മെന്താണെന്ന് അന്വേഷണ സംഘാംഗങ്ങൾക്കുപോലുമറിയില്ല.

ഓൺലൈൻ സംബന്ധമായ കേസായതിനാൽ സാങ്കേതികപരിജ്ഞാനമുള്ളവർ അന്വേഷണത്തിന് അനിവാര്യമാണ്. സേനയിലെയും മിനിസ്റ്റീരിയൽ വിഭാഗത്തിലെയും  ഇത്തരക്കാരുടെ സേവനം അന്വേഷണത്തിന് പ്രയോജനപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണസംഘത്തിലുള്ള അജ്ഞാതൻ സാങ്കേതികപരിജ്ഞാനമുള്ളയാളല്ലെന്നാണ് വിവരം. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അന്വേഷണസംഘം തയാറല്ല. ഇത് ദുരൂഹതകൾക്കിടയാക്കുന്നു.

 ‘ഓപറേഷൻ ബിഗ് ഡാഡി’യുടെ ഭാഗമായി ഐ.ജി ശ്രീജിത്ത് ആദ്യവാർത്താസമ്മേളനം നടത്തിയപ്പോഴാണ് ഇയാളെ മറ്റുദ്യോഗസ്ഥരിൽ പലരും കാണുന്നത്. പ്രതികളുടെ മൊഴി ഉന്നതങ്ങളിലേക്ക് ചോർത്തിനൽകാനാണ് ഇദ്ദേഹത്തെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയതെന്നും സംശയമുണ്ട്. അങ്ങനെയെങ്കിൽ, അതിന് ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദം ലഭിച്ചിട്ടുണ്ടാകണം.

സോളാർ കേസിലും കൊച്ചി ബ്ലാക്മെയിൽ പെൺവാണിഭക്കേസിലും ഭരണകക്ഷിയിലെ ഉന്നതർക്കെതിരെ പ്രതികൾ മൊഴി നൽകിയിരുന്നു. ഈ കേസുകളുടെ പുരോഗതി ഇൻറലിജൻസ് മുഖേന ഉന്നതർ കൃത്യമായി അറിയുന്നുണ്ടായിരുന്നു. ഓൺലൈൻ പെൺവാണിഭക്കേസിൽ ഇൻറലിജൻസിനെ കടത്തിവെട്ടി വിവരങ്ങൾ ചോർത്താൻ ഭരണതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് സൂചന.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.