മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാം -കേരളം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ റദ്ദാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസിന്‍െറ വാദത്തിനിടെ, സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഇങ്ങനെ പറഞ്ഞത്. എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റി.
കേസിലെ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ കോടതി തിങ്കളാഴ്ച വരെ സമയം നല്‍കി. മദ്യനയംമൂലം തന്‍െറ അവകാശം ഹനിക്കപ്പെട്ടെന്ന വാദവുമായി ഒരു മദ്യപാനി കേസില്‍ കക്ഷിചേരാന്‍ വ്യാഴാഴ്ച കോടതിയിലത്തെി. തന്‍െറ ആരോഗ്യത്തിന് വേണ്ടിയാണ് രണ്ട് പെഗ് എല്ലാ ദിവസവും കുടിക്കുന്നതെന്നും ബാറുകള്‍ അടച്ചതുമൂലം തനിക്ക് മദ്യപിക്കാന്‍ കഴിയുന്നില്ളെന്നും അഡ്വ. എം.എല്‍. ജിഷ്ണു മുഖേന നല്‍കിയ ഹരജിയില്‍ ഇയാള്‍ പറഞ്ഞു. എന്നാല്‍, അപേക്ഷ പരിഗണിക്കാനാവില്ളെന്ന് വ്യക്തമാക്കിയ ബെഞ്ച് ഹരജി തള്ളി. ബാറുടമകളുടെ വാദവും സംസ്ഥാന സര്‍ക്കാറിന്‍െറ മറുവാദവുമാണ് വ്യാഴാഴ്ച കോടതിയില്‍ നടന്നത്. ഒരുവിഭാഗം ആളുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയത് വിവേചനപരമാണെന്നും മദ്യവില്‍പന നടത്താനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കാന്‍ പാടില്ളെന്നുമായിരുന്നു ബാറുടമകളുടെ അഭിഭാഷകരുടെ വാദം. എന്നാല്‍, മദ്യവില്‍പന നിയന്ത്രിക്കാനുള്ള പൂര്‍ണമായ അധികാരം സര്‍ക്കാറിനുണ്ടെന്നും നയം റദ്ദാക്കാന്‍ കോടതികള്‍ക്ക് പരിമിതിയുണ്ടെന്നും സംസ്ഥാനം വാദിച്ചു.
വിവേചനപരമാണെന്ന ബാറുടമകളുടെ വാദത്തിന് മറുപടിയായാണ് അങ്ങനെ ബോധ്യപ്പെട്ടാല്‍ മദ്യനയം റദ്ദാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. മദ്യ ഉപഭോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നയം നടപ്പാക്കിയത് - കപില്‍ സിബല്‍ പറഞ്ഞു. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളോട് സഹതാപമുണ്ടെന്നും നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് ഹൈകോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ വിക്രിംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.