ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി സ്വദേശി ഷെല്‍ട്ടന്‍, കണ്ണമ്മാലി സ്വദേശി സുജിഷ(17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെ ത്തിയത്. ഷെല്‍ട്ടന്‍െറ മൃതദേഹം കണ്ടത്തെിയതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചെല്ലാനം ഹാര്‍ബറില്‍ നിന്നാണ് സുജിഷയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ ബി.കോം ബിരുദ വിദ്യാര്‍ഥിനിയായ സുജിഷ(17) ബോട്ടപകടത്തില്‍ മരിച്ച സിന്ധുവിന്‍െറ മകളാണ്.

ബോട്ടപകടത്തിന് കാരണമായ മത്സ്യബന്ധന ബോട്ട് ഓടിച്ചിരുന്നയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് മൊഴി. ബോട്ട് ഓടിച്ചിരുന്ന ഷിജു മെക്കാനിക്കാണ്. അപകടസമയത്ത് സ്രാങ്കും ഉണ്ടായിരുന്നില്ല. ബോട്ടില്‍ സഹായികളില്ലാതിരുന്നതിനാല്‍ ഡീസലടിച്ച് മുന്നോട്ടെടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കാണാനായില്ളെന്നും ഷിജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യാത്രാബോട്ടിന്‍െറ കാലപ്പഴക്കമാണ് അപകടകാരണമെന്ന് സൂചന. ഏകദേശം 35 വര്‍ഷം പഴക്കമുള്ള ബോട്ട് നിര്‍മിച്ചത് എന്നാണെന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. 2013 വരെയാണ് ഫിറ്റ്നസ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് 2017വരെ പോര്‍ട്ട് ഡയറക്ടറേറ്റ് നീട്ടി നല്‍കുകയായിരുന്നു. ബോട്ടില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകള്‍ ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും. മൃതദേഹങ്ങള്‍ ബുധനാഴ്ച രാത്രിയോടെ പോസ്റ്റ്മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തിരുന്നു. ഇന്നലെ രാത്രി നിര്‍ത്തിവെച്ച കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ രാവിലെ പുന:രാരംഭിച്ചു. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കണ്ണമാലി, ചെല്ലാനം എന്നീ മേഖലകളിലേക്ക് കൂടി തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.