ശമ്പള കുടിശ്ശിക ക്രമക്കേട്: ജില്ലാ സഹ. ബാങ്കുകളില്‍ പലതും ഓഡിറ്റ് കുറിപ്പ് മറികടന്നു

പാലക്കാട്: സംസ്ഥാനത്തെ ജില്ലാ സഹ. ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക നല്‍കുക വഴി 40 കോടി രൂപയുടെ ക്രമക്കേടിന് കാരണമായത് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന ചട്ടങ്ങള്‍ പാലിക്കാത്തതു മൂലമാണെന്ന് വ്യക്തമായി. കുടിശ്ശിക കണക്കാക്കുന്നത് സംബന്ധിച്ച ഉത്തരവിലെ വ്യവസ്ഥ പാലിച്ചില്ളെന്നു മാത്രമല്ല, അതത് കണ്‍കറന്‍റ് ഓഡിറ്റുമാരുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന ചട്ടം കുടിശ്ശികയുടെ കാര്യത്തില്‍ പല ബാങ്കുകളും കണക്കിലെടുത്തുമില്ല. രജിസ്ട്രാറുടെ വിശദീകരണം ആവശ്യമാണെന്ന് പറഞ്ഞ് ബന്ധപ്പെട്ട ഓഡിറ്റര്‍മാര്‍ നല്‍കിയ കുറിപ്പ് മറികടന്ന് വാങ്ങിയ തുക ഒരിക്കല്‍ കൂടി നല്‍കിയ സംഭവങ്ങളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
നേരത്തെ വാങ്ങിയ തുക വാങ്ങിയില്ളെന്നു വരുത്തുകയും കഴിഞ്ഞ മാര്‍ച്ച് 31ന് ഇറങ്ങിയ ശമ്പള പരിഷ്കരണ ഉത്തരവിലെ കുടിശ്ശിക കണക്കാക്കല്‍ വ്യവസ്ഥ വളച്ചൊടിക്കുകയും ചെയ്തതിന്‍െറ ഫലമായാണ് ജില്ലാ സഹ. ബാങ്കുകള്‍ക്ക് അധിക ബാധ്യത വഹിക്കേണ്ടി വന്നത്. ഇക്കാര്യം ‘മാധ്യമം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012 ഏപ്രില്‍ ഒന്ന് മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 115 ശതമാനവും അതിന് മുകളിലും ക്ഷാമബത്ത വാങ്ങിയതില്‍ അധിക തുകയുണ്ടെന്ന് പരിശോധനക്ക് ശേഷം സര്‍ക്കാര്‍ കണ്ടത്തെിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഡി.എയുടെ അടിസ്ഥാനത്തില്‍ എഴുതിയെടുത്തതിനെ തുടര്‍ന്നാണത്രെ ഈ അധിക തുക വന്നത്. അനധികൃതമായി വാങ്ങിയ തുക പക്ഷേ, തിരിച്ചുപിടിക്കേണ്ടതില്ളെന്നായിരുന്നു സര്‍ക്കാറിന്‍െറ തീരുമാനം. അധിക തുകക്ക് സംരക്ഷണം നല്‍കിയതിന് ശേഷവും കുടിശ്ശികയില്‍ ഈ കാലയളവിലെ സംഖ്യ വീണ്ടും നല്‍കുക വഴിയാണ് ക്രമക്കേട് അരങ്ങേറിയത്. അര്‍ഹമായ ക്ഷാമബത്തയില്‍ നിന്ന് 22 ശതമാനവും അതില്‍ കൂടുതലും തുക 21 മാസമായി വാങ്ങിയത് തിരിച്ചുപിടിക്കില്ളെന്ന വ്യവസ്ഥ ജീവനക്കാര്‍ക്കനുകൂലമായി വ്യാഖ്യാനിച്ചാണ് നേരത്തെ നല്‍കിയ അത്രയും തുക ഒരിക്കല്‍ കൂടി ബാങ്കുകാര്‍ നല്‍കിയത്. ജില്ലാ സഹ. ബാങ്കുകളുടെ എക്സി. മേധാവി നല്‍കുന്ന ശിപാര്‍ശ പ്രകാരം ഭരണസമിതി പുതിയ ശമ്പളം നിര്‍ണയിക്കുകയും അത് കൃത്യമാണോ എന്ന് ബാങ്കിന്‍െറ കണ്‍കറന്‍റ് ഓഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് ശമ്പള പരിഷ്കരണ ഉത്തരവിലെ അഞ്ചാം പേജില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്കെയില്‍ നിര്‍ണയിക്കുന്നതില്‍ ഇത് പാലിച്ച ബാങ്കുകളില്‍ പലതും കുടിശ്ശിക നിര്‍ണയിക്കുന്നതില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവഗണിച്ചു. കോഴിക്കോട് ജില്ലാ സഹ. ബാങ്കിലെ കുടിശ്ശിക സംബന്ധിച്ച് ജോ. ഡയറക്ടര്‍ തസ്തികയിലുള്ള കണ്‍കറന്‍റ് ഓഡിറ്റര്‍ നല്‍കിയ കുറിപ്പില്‍ സഹ. വകുപ്പ് രജിസ്ട്രാറുടെ വിശദീകരണം അനിവാര്യമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ജൂലൈ അവസാന വാരത്തില്‍ ചേര്‍ന്ന ബാങ്ക് എക്സി. കമ്മിറ്റി യോഗം രജിസ്ട്രാറുടെ വിശദീകരണം തേടി കത്തയക്കാന്‍ ജനറല്‍ മാനേജരെ ചുമതലപ്പെടുത്തി. എന്നാല്‍,  അയച്ച കത്തിന് മറുപടി ലഭിക്കും മുമ്പ് തന്നെ കുടിശ്ശിക തുക കൊടുത്തു.
ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായപ്പോള്‍ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്ന് നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കുടിശ്ശിക തുക നല്‍കിയത്. സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം അധിക തുക തിരിച്ചടക്കാമെന്ന് പറഞ്ഞ് സമ്മതപത്രം എഴുതി ഒപ്പിട്ട് ഓരോ ജീവനക്കാരനില്‍ നിന്ന് വാങ്ങിയതിന് ശേഷമാണ് കുടിശ്ശിക നല്‍കിയത്. നേരത്തെ വാങ്ങിയ തുക കണക്കാക്കാതെ കുടിശ്ശിക നിര്‍ണയിച്ച് നല്‍കിയതുവഴി 500ഓളം ജീവനക്കാരുള്ള കോഴിക്കോട് ജില്ലാ ബാങ്കിന് മാത്രം മൂന്ന് കോടി രൂപ അധികബാധ്യത വന്നതായാണ് കണക്കാക്കുന്നതെന്ന് പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ വ്യക്തമാക്കി. ആറര കോടി നല്‍കേണ്ട സ്ഥാനത്ത് ഒമ്പതര കോടിയിലധികം രൂപ നല്‍കേണ്ടി വന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കണക്കാക്കിയാല്‍ ഒമ്പത് കോടി രൂപ കുടിശ്ശിക ഇനത്തില്‍ നല്‍കേണ്ട തിരുവനന്തപുരം ജില്ലാ ബാങ്ക് 13.5 കോടിയും ഏഴര കോടി നല്‍കേണ്ട ആലപ്പുഴ ബാങ്ക് 12 കോടിയും അഞ്ചേകാല്‍ കോടി നല്‍കേണ്ട പത്തനംതിട്ട ബാങ്ക് ഒമ്പത് കോടിയും എട്ടര കോടി നല്‍കേണ്ട കൊല്ലം ബാങ്ക് 13 കോടിയും നല്‍കി കഴിഞ്ഞതായാണ് വിവരം.  കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നീ ബാങ്കുകളാണ് ഇനി നല്‍കാനുള്ളത്.
അതേസമയം, ഒരു തരത്തിലുള്ള ക്രമക്കേടും കുടിശ്ശിക നല്‍കിയതില്‍ ഉണ്ടായിട്ടില്ളെന്ന അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജീവനക്കാരുടെ സംഘടനകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.