കോഴിക്കോട്: സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സ്വന്തം മാര്‍ക്ക് തിരുത്തിയ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരിയോട് ജോലിയില്‍നിന്ന് നിര്‍ബന്ധമായി വിരമിക്കാന്‍ സിന്‍ഡിക്കേറ്റ് നിര്‍ദേശം.
പരീക്ഷാഭവന്‍ ബി.എ വിഭാഗത്തിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്‍റ് എ. ഭാമയോടാണ് സിന്‍ഡിക്കേറ്റിന്‍െറ ശിക്ഷാനടപടി. മാര്‍ക്ക് തിരുത്തിയ സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം. വിരമിക്കാന്‍ രണ്ടുവര്‍ഷം ശേഷിക്കെ സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് ജീവനക്കാരി മാര്‍ക്ക് തിരുത്തിയെന്ന മാധ്യമം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
സര്‍വകലാശാലക്ക് തീരാക്കളങ്കം വരുത്തുന്ന നടപടിയാണ് ജീവനക്കാരി ചെയ്തതെന്ന് സിന്‍ഡിക്കേറ്റംഗം ഡോ. കെ.എം. നസീര്‍ കണ്‍വീനറായ സമിതി വിലയിരുത്തി. കുടുംബപശ്ചാത്തലം പരിഗണിച്ചാണ് പുറത്താക്കുന്നതിനുപകരം നിര്‍ബന്ധ വിരമിക്കലിന് നിര്‍ദേശിച്ചത്. സിന്‍ഡിക്കേറ്റംഗം ഡോ. സി.ആര്‍. മുരുകന്‍ ബാബു, ഡോ. ആബിദ ഫാറൂഖി, മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദ് എന്നിവരാണ് അന്വേഷണസമിതിയിലെ മറ്റംഗങ്ങള്‍.
പരീക്ഷാഭവന്‍ ജീവനക്കാരിയായിരിക്കെ വിദൂരവിദ്യാഭ്യാസ വിഭാഗം ഡിഗ്രിക്കാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്തത്. ഉദ്ദേശിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതോടെയാണ് കൃത്രിമം നടത്തിയത്.
പാര്‍ട്ട് ഒന്ന് ജനറല്‍ ഇംഗ്ളീഷിന് 18 എന്നത് 48ഉം പേപ്പര്‍ രണ്ട് പ്രോസ് ആന്‍ഡ് ഡ്രാമക്ക് 16 എന്നത് 46ഉം ആക്കിയുമാണ് മാര്‍ക്ക് തിരുത്തിയത്. മാധ്യമം വാര്‍ത്തയെ തുടര്‍ന്ന് ജീവനക്കാരിയെ പിറ്റേന്നുതന്നെ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍നടപടിക്കായി സമിതിയെയും മുന്‍ വി.സി നിയോഗിച്ചു. പരീക്ഷാഭവനില്‍ ജോലിയെടുക്കുന്നവര്‍, സ്വന്തക്കാര്‍ പരീക്ഷയെഴുതുന്നില്ളെന്ന സത്യവാങ്മൂലം നല്‍കണമെന്ന നിയമം കര്‍ശനമാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.