നെടുമ്പാശ്ശേരി: അടുത്തമാസം രണ്ടിന് ആരംഭിക്കുന്ന ഹജ്ജിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരുക്കം വിലയിരുത്തി. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസര്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
എമിഗ്രേഷന്‍ പരിശോധനക്ക് വിമാനത്താവളത്തില്‍ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ തുറക്കും. 50 പേര്‍ക്ക് വീതമായിരിക്കും പരിശോധന നടത്തുക. വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ഗേറ്റ് ഹാജിമാര്‍ക്ക് തുറന്നുകൊടുക്കും. ഇവര്‍ക്ക് വിശ്രമിക്കാന്‍ അവിടെ കസേരയൊരുക്കും. നമസ്കരിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാകും. വിമാനത്താവളത്തിലെ ഹാങ്ങര്‍ ബില്‍ഡിങ്ങിലാണ് ഹജ്ജ് ക്യാമ്പ്. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ താമസത്തിനും പ്രാര്‍ഥനക്കും സൗകര്യം ക്യാമ്പിലുണ്ട്. കൂടാതെ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നൂറോളം ടോയ്ലറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. പ്രത്യേകം ഭക്ഷണശാല, ഹജ്ജാജിമാരുടെ കൂടെ വരുന്ന സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക പന്തല്‍ എന്നിവയും തയാറായിട്ടുണ്ട്. സജ്ജീകരണങ്ങളെല്ലാം വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കൊച്ചി വിമാനത്താവളത്തിന്‍െറ എക്സിക്യൂട്ടിവ് ഡയറക്ടറും വിമാനത്താവളത്തിലെ ഹജ്ജ് കോഓഡിനേറ്ററുമായ എ.എം. ഷബീര്‍ അറിയിച്ചു. ഹജ്ജ് ക്യാമ്പിലേക്കുള്ള വാഹനങ്ങളെല്ലാം പരിശോധന നടത്താന്‍ ഹജ്ജ് കമ്മിറ്റി ഭാരവാഹികളെ ഉള്‍പ്പെടുത്തി പ്രത്യേക വളന്‍റിയര്‍ സംഘം രൂപവത്കരിക്കും. എയ്റോബ്രിഡ്ജ് വഴിയാണ് ഹജ്ജാജിമാര്‍ വിമാനത്തിനകത്തേക്ക് പ്രവേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വിമാനത്താവള ഡയറക്ടര്‍ എ.സി.കെ. നായര്‍, സിയാല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എം. ഷബീര്‍, ഓപറേഷന്‍സ് മാനേജര്‍ സി. ദിനേശ്കുമാര്‍, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, ഹജ്ജ് സെല്‍ ഓഫിസര്‍ അബ്ദുല്‍ കരീം, ഹജ്ജ് കോഓഡിനേറ്റര്‍ മുജീബ് പുത്തലത്ത്, ആലുവ ഡിവൈ.എസ്.പി പി.പി. ഷംസ്, നെടുമ്പാശ്ശേരി സി.ഐ എം.കെ. മുരളി എന്നിവരെ കൂടാതെ കസ്റ്റംസ്, എമിഗ്രേഷന്‍, എയര്‍ഇന്ത്യ, ബി.എസ്.എന്‍.എല്‍, സി.ഐ.എസ്.എഫ്, വിവിധ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.