കാര്‍ഷിക വായ്പ: കേരളത്തിലെ ബാങ്കുകള്‍ക്കും നോട്ടീസ്

കാസര്‍കോട്: സംസ്ഥാനത്തെ ബാങ്കുകളോട് സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) കാര്‍ഷിക വായ്പാ വിതരണത്തിന്‍െറ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കര്‍ഷിക്കുന്ന കാര്‍ഷിക വായ്പ നല്‍കാത്ത ബാങ്കുകള്‍ക്കെതിരെ ചില സംസ്ഥാനങ്ങളില്‍  കലക്ടര്‍മാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 188 പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ നടപടിയാരംഭിച്ചതിന്‍െറ പിന്നാലെയാണ് ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ബാങ്കുകളോടും എസ്.എല്‍.ബി.സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കര്‍ഷകന് നല്‍കാന്‍ നിര്‍ദേശിച്ച സേവനം നല്‍കാതിരുന്നതിന് ആറുമാസം തടവുള്‍പ്പെടെ ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തി മഹാരാഷ്ട്രയില്‍ മാനേജര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് കേരളത്തിലെ  ബാങ്കുകള്‍ക്കും മുന്നറിയിപ്പ്. കര്‍ണാടകയിലും നടപടിയാരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 20നാണ് സംസ്ഥാന ലീഡ് ബാങ്കായ കനറാ ബാങ്കിന്‍െറ തിരുവനന്തപുരം ആസ്ഥാനത്തുനിന്ന് എല്ലാ ബാങ്കുകള്‍ക്കും നോട്ടീസ് അയച്ചത്. സംസ്ഥാനത്തെ ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നത് കുറഞ്ഞുവരുന്നതായി നേരത്തേ പരാതിയുണ്ട്. കാര്‍ഷിക വായ്പ കാര്‍ വായ്പയായും ഗൃഹോപകരണ വായ്പയായും വ്യക്തി വായ്പയായി നല്‍കുന്നു. ബാങ്ക് മാനേജര്‍മാരും ഡയറക്ടര്‍മാരും ഇലക്ട്രോണിക്സ്, വാഹന ഡീലര്‍മാരുമായി രഹസ്യ കരാറുണ്ടാക്കി കാര്‍ഷിക വായ്പ മറിച്ചുനല്‍കി കമീഷന്‍ കൈപ്പറ്റുന്നുവെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.