അതിരുവിട്ട ആഘോഷത്തിന് അനുമതിയില്ലെന്ന്‌ പ്രിന്‍സിപ്പലിന്‍െറ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജില്‍ വിദ്യാര്‍ഥികള്‍ ഫയര്‍എന്‍ജിനും എക്സ്കവേറ്ററും വാടകക്കെടുത്ത് നടുറോഡില്‍ ഓണാഘോഷം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പ്രിന്‍സിപ്പലിന്‍െറ റിപ്പോര്‍ട്ട്. ഐ.എച്ച്.ആര്‍.ഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിജയകുമാറിനാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനുമതിയില്ലാത്ത രീതിയില്‍ ഓണാഘോഷം നടത്തിയതിന് സംഘാടകരായ കോളജ് യൂനിയന്‍ ഭാരവാഹികളോട് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജ് കാമ്പസിനകത്ത് സാധാരണ രീതിയില്‍ ഓണാഘോഷം നടത്താന്‍ കോളജ് യൂനിയന്‍ അനുമതി തേടിയിരുന്നു. പൂക്കളവും ഓണസദ്യയും ഒരുക്കി കാമ്പസിനകത്ത് ഒതുങ്ങി നില്‍ക്കുന്ന ആഘോഷത്തിന് അനുമതി നല്‍കിയിരുന്നു.  എന്നാല്‍, കാമ്പസിന് പുറത്ത് ആഘോഷം നടത്താന്‍ അനുമതിയില്ളെന്നും പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഗതാഗതം തടസ്സപ്പെടുത്തിയതും അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിനും പൊലീസ് തലത്തിലാണ് നടപടിയെടുക്കേണ്ടതെന്ന് ഡയറക്ടര്‍ പറഞ്ഞു.
കാമ്പസ് മാര്‍ഗരേഖ സംബന്ധിച്ച് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗ തീരുമാനം കൂടി പരിഗണിച്ച് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.