ഉതുപ്പ് വര്‍ഗീസിനെ യു.എ.ഇയില്‍നിന്ന് കയറ്റിവിടും

കൊച്ചി: 300 കോടിയുടെ കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി  എം.വി. ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലത്തെിച്ച് അറസ്റ്റ് ചെയ്യുമെന്ന് സി.ബി.ഐ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിയെ യു.എ.ഇയില്‍നിന്ന് കയറ്റിവിടാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. കൊച്ചിയിലോ ഡല്‍ഹിയിലോ  എത്തുന്ന പ്രതിയെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐ തീരുമാനം. ഇയാളെ യു.എ.ഇയില്‍നിന്ന് കയറ്റി വിടുമ്പോള്‍ തന്നെ വിവരം യു.എ.ഇ അധികൃതര്‍ സി.ബി.ഐക്ക് കൈമാറും. ഇതിന്‍െറ അടിസ്ഥാനത്തിലാവും അറസ്റ്റ്. ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും രക്ഷപ്പെടാതിരിക്കാന്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഉതുപ്പ് വര്‍ഗീസിനെ കൈമാറുന്നതില്‍ ഏകദേശ ധാരണയായത്. ഇക്കഴിഞ്ഞ ആറിന് അബൂദബിയില്‍ പിടിയിലായ ഉതുപ്പിനെ ഇന്ത്യയും യു.എ.ഇയും തമ്മില്‍ 2000ല്‍ ഒപ്പുവെച്ച  പ്രതികളെ കൈമാറല്‍ കരാര്‍ അനുസരിച്ചാണ് നാട്ടിലത്തെിക്കാന്‍ നടപടി ആരംഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നതിനാലാണ് സി.ബി.ഐ പുതുവഴി തേടിയത്. എന്നാല്‍, എന്ന് നാട്ടിലത്തെിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ളെന്ന്  സി.ബി.ഐ അറിയിച്ചു.
ഏപ്രിലിലാണ് ഉതുപ്പ് വര്‍ഗീസിന്‍െറ ഉടമസ്ഥതയിലുള്ള അല്‍സറാഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയുടെ തട്ടിപ്പ് വിവരം പുറത്തുവന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ വര്‍ഗീസ് ഉതുപ്പ് 300 കോടിയിലധികം വെട്ടിച്ചുവെന്നാണ് കേസ്. കൊച്ചി എം.ജി റോഡിലുള്ള ഏജന്‍സിയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സാമ്പത്തിക തിരിമറി കണ്ടത്തെിയിരുന്നു. 200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളില്‍നിന്ന് 19,500 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍സറാഫ ഒരാളില്‍നിന്ന് 19.5 ലക്ഷം വീതമാണ് ഈടാക്കിയത്.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സാണ് കേസിലെ ഒന്നാം പ്രതി.  സി.ബി.ഐ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഉതുപ്പ് വര്‍ഗീസ് രാജ്യം വിട്ടത്.  
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ച് സി.ബി.ഐ പലതവണ നോട്ടീസ് അയച്ചിരുന്നു.തുടര്‍ന്ന്  ഇന്‍റര്‍പോള്‍ വഴി  ജൂലൈ 29 ന് സി.ബി.ഐ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.