വാഹനാപകടങ്ങള്‍: ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അപകടത്തില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ  ചോദ്യംചെയ്യാതെ ഉടന്‍ പോകാനനുവദിക്കണം. അപകടത്തിന് ദൃക്സാക്ഷിയായവര്‍ ഒപ്പമുണ്ടെങ്കില്‍ ആ വ്യക്തിയോടുമാത്രമേ മേല്‍വിലാസം ആവശ്യപ്പെടാവൂ. വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മറ്റ് പൗരന്മാര്‍ക്ക് പ്രചോദനമാവുന്നവിധത്തിലാവണം അംഗീകാരം.
രക്ഷാപ്രവര്‍ത്തകരെയോ ഒപ്പം വരുന്നവരെയോ സിവില്‍/ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കരുത്. പരിക്കേറ്റവരെക്കുറിച്ച് പൊലീസിനെയോ അത്യാഹിതസേവനവിഭാഗങ്ങളെയോ ഫോണില്‍ അറിയിക്കുന്നവരുടെ പേരോ വ്യക്തിപരമായ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്. പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയോ വകുപ്പുതലനടപടിയോ സ്വീകരിക്കണം.
ആശുപത്രിയിലത്തെിക്കുന്നവരെയോ ഒപ്പം വരുന്നവരെയോ തടഞ്ഞുവെക്കുകയോ അഡ്മിഷന്‍/രജിസ്ട്രേഷന്‍ തുക ആവശ്യപ്പെടുകയോ ചെയ്യരുതെന്ന്  എല്ലാ രജിസ്റ്റേര്‍ഡ് ആശുപത്രികള്‍ക്കും  ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കണം.പരിക്കേറ്റയാള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാനും ആശുപത്രി തയാറാവണം.  
വൈദ്യസഹായത്തിന് വിമുഖത കാട്ടുന്ന ഡോക്ടര്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.