റെയില്‍വേ ട്രാക്കില്‍ തടസ്സങ്ങള്‍: പൊലീസ് തെളിവെടുപ്പ് നടത്തി

കോട്ടയം: ചിങ്ങവനത്തിനും പൂവന്‍തുരുത്ത് പാലത്തിനും ഇടയില്‍ മൂന്നിടത്ത് റെയില്‍വേ ട്രാക്കില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച സംഭവത്തില്‍ പിടിയിലായ പൂവന്‍തുരുത്ത് കൊച്ചുപറമ്പില്‍ ദീപു കെ. തങ്കപ്പനുമായി (35) പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തടക്കം തെളിവെടുത്തശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. സെപ്റ്റംബര്‍ നാലുവരെ കോടതി ഇയാളെ  റിമാന്‍ഡ് ചെയ്തു. ദീപുവിന്‍െറ വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടത്തൊനായിട്ടില്ല. ദീപുവിന് മാനസികാസ്വാസ്ഥ്യമുള്ളതായാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ചികിത്സാരേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ദീപുവിനെ  പൊലീസ് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ  മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിലും ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള രീതിയിലാണ് പെരുമാറിയതെന്നാണ് വിവരം.

പൊതുമുതല്‍ നശിപ്പിച്ചതിനും റെയില്‍വേ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മനപ്പൂര്‍വം അട്ടിമറിക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടത്തെിയാല്‍ ഈ വകുപ്പും ചേര്‍ക്കുമെന്ന് ചിങ്ങവനം എസ്.ഐ കെ.പി. ടോംസണ്‍ അറിയിച്ചു. ട്രാക്കിലൂടെ ഒന്നര കിലോമീറ്ററോളം ബൈക്കോടിക്കുകയും ട്രെയിന്‍ വരുന്നത് കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയും ചെയ്ത ദീപുവിനെ വെള്ളിയാഴ്ച വൈകുന്നേരം ആറോടെ എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടികൂടിയത്. പ്രതിയുടെ ഫോണ്‍ നമ്പറും ഫോട്ടോയും  അടിസ്ഥാനമാക്കി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ്  പിടിയിലായത്.

വ്യാഴാഴ്ച രാത്രി മൂലേടം ഓവര്‍ ബ്രിഡ്ജിനടിയില്‍നിന്ന് ഇയാള്‍ ബൈക്കില്‍ കയറി ട്രാക്കിലെ മെറ്റല്‍ക്കൂനയിലും പാളത്തിലുംകൂടി ഒന്നര കിലോമീറ്റര്‍ ഓടിച്ച് പൂവന്‍തുരുത്ത് ഓവര്‍ ബ്രിഡ്ജിനടിയില്‍ ട്രാക്കിന് കുറുകെ വെക്കുകയായിരുന്നു. രാത്രി 10.28ന് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസ് ബൈക്കിടിച്ചു തെറിപ്പിച്ചു.  ഇതിനുശേഷം 2.30ന് അമൃത എക്സ്പ്രസ് കടന്നുപോകുമ്പോള്‍ പാളത്തില്‍നിന്ന് എന്തോ തട്ടിയതായി ശബ്ദം കേട്ടെന്ന് ലോകോ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെ റെയില്‍വേ സംഘം വീണ്ടുമത്തെി. പരിശോധനയില്‍ ചാന്നാനിക്കാട് മേല്‍പാലത്തിനുസമീപം ട്രാക്കില്‍ സോണിയുടെ പഴയ വിഡിയോ കാമറ, ഏതാനും ഇലക്ട്രിക് ബോര്‍ഡുകള്‍, വയറുകള്‍ എന്നിവയും കണ്ടത്തെി. പിന്നീട്  റെയില്‍വേയുടെ ഇലക്ട്രിക് ലൈനിലേക്ക് ചേമ്പും മറ്റും പറിച്ചിട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു.

മനോവിഭ്രാന്തിയാണെന്ന് തോന്നിപ്പിക്കുന്ന മൊഴികളാണ് ദീപു നല്‍കിയതെന്നും പൊലീസ് പറഞ്ഞു. ബൈക്കില്‍ ഹെല്‍മറ്റ് വെക്കാത്ത മൂന്നുപേര്‍ തന്നെ ആക്രമിക്കാന്‍ വന്നെന്നും അവര്‍ ട്രാക്കിലൂടെ പോയിട്ടുണ്ടാകുമെന്നു കരുതിയാണ് ബൈക്ക് പിന്നാലെ ഓടിച്ചുപോയതെന്നുമാണ് ഇയാള്‍  പറഞ്ഞത്. ശത്രുക്കളുടെ പടമെടുക്കാനാണ് റെയില്‍വേ ലൈനില്‍ വിഡിയോ കാമറ വെച്ചതെന്നും ഇയാള്‍ പറയുന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍െറ കാര്‍ തകര്‍ത്തത് എന്തിനെന്നു ചോദിച്ചപ്പോള്‍ റെയില്‍വേ ട്രാക്കില്‍ കുറെപ്പേര്‍ നില്‍ക്കുന്നതു കണ്ടു, അവര്‍ ശത്രുക്കളാണെന്ന് കരുതി കാര്‍ തകര്‍ത്തു എന്നുമായിരുന്നു മൊഴി. തുടരന്വേഷണത്തില്‍ ആവശ്യമെന്ന് തോന്നിയാല്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.