സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് അന്തരിച്ചു

കോട്ടയം: ‘യഹൂദിയായിലേ ഒരു ഗ്രാമത്തില്‍...’ എന്ന പ്രശസ്തമായ ക്രിസ്മസ് ഗാനത്തിന്‍െറ രചയിതാവും സംഗീത സംവിധായകനുമായ കോട്ടയം ഈരയില്‍ക്കടവ് റോസ് കോട്ടേജില്‍ (അറുപറയില്‍) എ.ജെ. ജോസഫ് (ഗിറ്റാര്‍ ജോസഫ് ^70) അന്തരിച്ചു. ഏറെക്കാലമായി പ്രമേഹരോഗ ബാധിതനായിരുന്നു.

കുഞ്ഞാറ്റക്കിളി, എന്‍െറ കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക തുടങ്ങിയ സിനിമകളില്‍ സംഗീതസംവിധാനം എ.ജെ. ജോസഫ് നിര്‍വഹിച്ചു. ഒരേ സ്വരം ഒരേ നിറം..., ഒരു ശൂന്യസന്ധ്യാംബരം..., ആകാശ ഗംഗാതീരത്തിനപ്പുറം..., കാവല്‍ മാലാഖമാരേ... എന്നിവ ഇദ്ദേഹം സംഗീതം നല്‍കിയ ശ്രദ്ദേയഗാനങ്ങളാണ്. തരംഗിണി 1987ല്‍ ഇറക്കിയ സ്നേഹപ്രതീകം കാസറ്റിലെ രചനയും സംഗീതവും നിര്‍വഹിച്ച ജോസഫ് അതിലെ ‘യഹൂദിയായിലേ’ എന്ന ഗാനത്തിലൂടെയാണ് ഏറെ പ്രശസ്തനായത്. അഞ്ച് മലയാള സിനിമകളില്‍ സംഗീതസംവിധായകനായി. കെ.എസ്. ചിത്രക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്  ഒരേ സ്വരം ഒരേ നിറം എന്ന പാട്ടായിരുന്നു.

കോട്ടയം ലൂര്‍ദ് പള്ളിയിലെ ക്വയര്‍മാസ്റ്ററായി സംഗീതലോകത്ത് തുടക്കംകുറിച്ച ജോസഫ് അറുപതോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതി ഈണമിട്ടിട്ടുണ്ട്. ആദ്യകാലത്ത് എന്‍.എന്‍. പിള്ളയുടെ നാടകട്രൂപ്പില്‍ ഗിറ്റാറിസ്റ്റായിരുന്നു. അക്കാലത്ത് ഗിറ്റാര്‍ ജോസഫ് എന്നാണ് അറിയപ്പെട്ടത്. പിന്നീട് സിനിമയിലെ ചിട്ടവട്ടങ്ങളോട് പൊരുത്തപ്പെടാനാവാതെ അദ്ദേഹം ആ രംഗം വിട്ടു. ഏറെക്കാലം സംഗീത സ്കൂള്‍ നടത്തിയ അദ്ദേഹം നൂറുകണക്കിന് ശിഷ്യസമ്പത്തിന്‍െറ ഉടമയാണ്.

വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലിന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ: തടത്തില്‍ കുടുംബാംഗം പൊന്നമ്മ. മക്കള്‍: ടോണി ജോണ്‍സ് ജോസഫ് (കുവൈത്ത്), ഡയാന റോസ് ജോസഫ് (ചെന്നൈ), പരേതനായ ഡാനി ജോണ്‍സ് ജോസഫ്.

Full View

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.