നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു

പറവൂര്‍: മലയാള സിനിമയില്‍ ആക്ഷേപഹാസ്യത്തിന് പുതുമാനം നല്‍കിയ നടനകാരണവര്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് പറവൂര്‍ വാവക്കാട്ട് സ്വവസതിയായ ‘അശ്വതി’യിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജ രോഗങ്ങള്‍മൂലം വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. പറവൂര്‍ ഭരതന്‍ അഭിനയിച്ച ചെമ്മീന്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേ ദിവസമാണ് മരണം.


1950ല്‍  ‘രക്തബന്ധം’ സിനിമയിലൂടെ അരങ്ങിലത്തെിയ ഭരതന്‍ ആയിരത്തോളം സിനിമയില്‍ അഭിനയിച്ചു. പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തില്‍ കൊച്ചണ്ണന്‍ കോരന്‍-കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി 1929ലാണ് ജനനം.  മൂത്തകുന്നം എസ്.എന്‍.എം ഹൈസ്കൂളില്‍നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അച്ഛന്‍െറ വിയോഗത്തോടെ പഠനം പാതിവഴിയില്‍ അവസാനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു. ഏകാഭിനയത്തില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പിന്നീട് പറവൂരിലെയും സമീപപ്രദേശങ്ങളിലെയും നാടകഗ്രൂപ്പുകളിലും സജീവമായി. നാടകവേദിയിലെ താരമായി വളര്‍ന്ന അദ്ദേഹത്തിന് 1950ല്‍ ആലുവ സ്വദേശി കരുണാകരപ്പിള്ള നിര്‍മിച്ച ‘രക്തബന്ധം’ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

അള്‍ത്താര, സ്കൂള്‍ മാസ്റ്റര്‍, ഗോഡ്ഫാദര്‍, പട്ടണപ്രവേശം, കുറുക്കന്‍െറ കല്യാണം, മഴവില്‍ കാവടി, തലയണ മന്ത്രം, ലോട്ടറി ടിക്കറ്റ്, അടിമകള്‍, റസ്റ്റ്ഹൗസ്, പഞ്ചവടി, ഡോ. പശുപതി, ഇന്‍ ഹരിഹര്‍ നഗര്‍, അരമന വീടും അഞ്ഞൂറേക്കറും, ഗജകേസരിയോഗം, മാനത്തെ കൊട്ടാരം, ഹിസ് ഹൈനസ് അബ്ദുല്ല, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ആദ്യകാല നടന്മാരില്‍ പ്രമുഖരായ സത്യന്‍, പ്രേം നസീര്‍, ജയന്‍, മധു തുടങ്ങിയ നടന്‍മാരുടെ ഒപ്പം അഭിനയിച്ചു.  

2004ല്‍ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടം എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. മാറ്റൊലി എന്ന നാടകത്തില്‍ ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. മക്കള്‍: പ്രദീപ്, മധു, അജയന്‍ (ദോഹ), സിന്ധു (കൊടുങ്ങല്ലൂര്‍). മരുമക്കള്‍: ജീന (ഐ.ഒ.സി), സോമകുമാര്‍ (എഡിസണ്‍ ഇലക്ട്രിക്കല്‍സ്, കൊടുങ്ങല്ലൂര്‍).

Full View

 

 

 

Full View

Full ViewFull ViewFull View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.