വാര്‍ഡ് വിഭജനം: വിധി മറ്റന്നാള്‍; തെരഞ്ഞെടുപ്പ് വൈകാന്‍ കാരണം സര്‍ക്കാരെന്ന് കമീഷന്‍

കൊച്ചി: തദ്ദേശ വാര്‍ഡ് വിഭജനം സംബന്ധിച്ച കേസില്‍ ഹൈകോടതി ഇടക്കാല വിധി മറ്റന്നാള്‍ പുറപ്പെടുവിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാറിന്‍െറയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറയും വാദം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമീഷനാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടില്ളെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷന്‍െറ ഭരണഘടനാപരമായ അവകാശമാണ് തെരഞ്ഞെടുപ്പ് നടത്തുക എന്നത്. ഇത് ഏത് സമയത്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും അവകാശവും കമീഷണനാണുള്ളത്. വിഷയത്തില്‍ ഒരു കാരണവശാലും കോടതി ഇടപെടില്ല. കോടതിയുടെ ഭാഗത്തു നിന്ന് നിര്‍ദേശങ്ങളുണ്ടാവില്ല. കൃത്യമായ സമയത്ത് ആവശ്യമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് ചെയ്യാമെന്നും ഹൈകോടതി വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് വൈകുന്നതിന് പ്രധാന കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈകോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ സഹകരിച്ചാല്‍ കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് കമീഷന്‍ കോടതിയെ അറിയിച്ചു. 2012 മുതല്‍ അയച്ച കത്തുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി നവംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാവുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസം വേണ്ടിവരുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ വാദം സര്‍ക്കാര്‍ തള്ളി. പഞ്ചായത്തുകള്‍ വിഭജിച്ചത് റദ്ദാക്കിയ ഹൈകോടതി സിംഗിള്‍  ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പുതുക്കിയ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി  86 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാവും. വാര്‍ഡ് വിഭജനം വേഗത്തില്‍ തീര്‍ക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ സൗകര്യങ്ങളും ജീവനക്കാരെയും നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2010 ലെ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ല. പുതുതായി 28 മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചത് കോടതി അംഗീകരിച്ചിരുന്നു. ഇത് കൂടി പരിഗണിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്താന്‍ ആറു മാസം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍െറ നിലപാട് തെറ്റാണെന്ന് സര്‍ക്കാര്‍ വാദിച്ചു.  2013ല്‍ 978 വാര്‍ഡുകള്‍ വിഭജിച്ചത് 68 ദിവസം കൊണ്ടാണ്. ഇത്തവണ 204 വാര്‍ഡുകളാണ് വിഭജിക്കുന്നത്. ഇതിന് 51 ദിവസം മതിയാവും. തെരഞ്ഞെടുപ്പ് നടപടികള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയെ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.