ഹനീഫ വധക്കേസ് സ്പെഷ്യല്‍ ടീം അന്വേഷിക്കണം -കോടിയേരി

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട കേസ് നിഷ്പക്ഷനായ ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിരുവത്രിയില്‍ ഹനീഫയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ അന്വേഷണം പ്രതികളും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു. പിടികൂടില്ളെന്ന ഉറപ്പിലാണ് പ്രതികള്‍ നാട്ടില്‍ കഴിയുന്നത്. പൊലീസ് പിടികൂടാത്തതിനാല്‍ നാട്ടുകാര്‍ തന്നെ പ്രതികളെ പിടികൂടുന്ന അവസ്ഥയാണ്. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായിട്ടും 120 ബി വകുപ്പ് ചേര്‍ക്കാതെയാണ് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ ആരോപണ വിധേയനായ മുന്‍ ബ്ളോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപനെ തൊടാന്‍ പൊലീസിനു കഴിയുന്നില്ല. ഗോപപ്രതാപനെ തൊട്ടാല്‍ വിവരമറിയുമെന്ന് ഭീഷണിയുള്ളതിനാല്‍ ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും വിറങ്ങലിച്ചു നില്‍ക്കുകയാണ്. സ്വന്തം വീടിനകത്ത് ഒരാള്‍ സുരക്ഷിതനല്ളെങ്കില്‍ നാട്ടില്‍ ആര്‍ക്കാണ് സുരക്ഷിതത്വമുള്ളതെന്ന് കോടിയേരി ചോദിച്ചു. ഈ ചോദ്യചിഹ്നമാണ് ഹനീഫയുടെ കൊലപാതകമുയര്‍ത്തുന്നത്. കേസില്‍ ദൃക്സാക്ഷിയായ ഹനീഫയുടെ മാതാവില്‍ നിന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മൊഴിയെടുക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.







 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.