കടക്കെണിക്ക് നടുവില്‍ പുതിയ ബജറ്റിന് നടപടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയുടെ രൂക്ഷാവസ്ഥയില്‍ തുടരവെ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കുന്നതിന്് ധനവകുപ്പ് തുടക്കമിട്ടു. ഇപ്പോഴത്തെ സര്‍ക്കാറിന്‍െറ  അവസാന ബജറ്റായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമസഭയില്‍ അവതരിപ്പിക്കുക. 13 ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോഡ് ഇട്ട കെ.എം. മാണിയുടെ നേട്ടത്തിന്‍െറ പട്ടികയില്‍ ഇതോടെ ഒരു ബജറ്റു കൂടി ഇടംപിടിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ രണ്ട് ബജറ്റുകള്‍ക്കാണ് നിയമസഭ  സാധാരണ സാക്ഷ്യം വഹിക്കാറുള്ളത്. അധികാരത്തില്‍ തുടരുന്ന സര്‍ക്കാറിന്‍െറ അവസാന ബജറ്റും തെരഞ്ഞെടുപ്പില്‍ വിജയിച്ച് വരുന്ന പുതിയ സര്‍ക്കാറിന്‍െറ ബജറ്റും. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനങ്ങളുടെ പെരുമഴയാകും. വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനിടയില്ല. സാധാരണഗതിയില്‍ നടപ്പാകാത്ത, എന്നാല്‍ വാഗ്ദാനങ്ങള്‍ കുത്തിനിറച്ച ബജറ്റാകും തെരഞ്ഞെടുപ്പുവേളകളില്‍ അവതരിപ്പിക്കുക.  ഭരണമാറ്റം വരുന്ന ഘട്ടങ്ങളില്‍ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മിക്കതും തള്ളുകയാണ് പതിവ്. അതേസമയം ഭരണ തുടര്‍ച്ച ലഭിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റ് നടപ്പാക്കേണ്ട ബാധ്യത വരും. കേരളത്തിന്‍െറ സമീപകാല ചരിത്രത്തില്‍ ഈ സാഹചര്യം ഉണ്ടായിട്ടില്ല.

അടുത്ത സാമ്പത്തികവര്‍ഷം അവതരിപ്പിക്കുന്ന ബജറ്റിലേക്ക് പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം വകുപ്പ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ അയച്ചു. പദ്ധതിയേതര ചെലവുകളുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ 30നകം നല്‍കാനാണ് നിര്‍ദേശം. പദ്ധതിച്ചെലവുകളും നികുതിയടക്കം വിവിധ വരുമാനങ്ങളുടെയും വിവരങ്ങള്‍ ഒക്ടോബര്‍ 31നകം നല്‍കണം. കടുത്ത സാമ്പത്തികപ്രയാസം നേരിടുന്ന സാഹചര്യത്തില്‍ ഏറെ അവധാനതയോടെ വേണം പദ്ധതികള്‍ സമര്‍പ്പിക്കേണ്ടതെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ശമ്പളം പോലുള്ള പദ്ധതിയേതര ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ പാടില്ല.  ഓരോ വകുപ്പും അധിക ജീവനക്കാരുടെ വിവരങ്ങള്‍ ധനവകുപ്പിന് ലഭ്യമാക്കണം.

കഴിയാവുന്ന ചെലവുകള്‍ നീട്ടിവെക്കണം. വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും നല്‍കണം. പുതിയ പദ്ധതികള്‍ നിര്‍ദേശിക്കുമ്പോള്‍ അതിന്‍െറ വിശദാംശം നല്‍കാനും നിര്‍ദേശമുണ്ട്. പുതിയ ബജറ്റ് തയാറാക്കല്‍ ആരംഭിക്കുമ്പോഴും നടപ്പ് ബജറ്റിലെ പദ്ധതികള്‍ ഇഴയുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാല്‍ പദ്ധതി വിനിയോഗത്തെ ബാധിക്കും. എന്നാല്‍,  പദ്ധതി വിനിയോഗം മെല്ളെപ്പോക്കിലാണ്. ആകെ 27657.67 കോടി രൂപയുടെ പദ്ധതിയാണ് ഇക്കൊല്ലത്തേക്ക് തയാറാക്കിയത്.  അതില്‍ വിനിയോഗം 12.12 ശതമാനം മാത്രമാണ്. സംസ്ഥാന പദ്ധതി മാത്രമായി നോക്കിയാല്‍ 15200 കോടിയില്‍ 14.81 ശതമാനം മാത്രമാണ് വിനിയോഗം.

തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 4800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. വെറും 7.79 ശതമാനമാണ് വിനിയോഗം. തദ്ദേശ തെരഞ്ഞെടുപ്പുകൂടി വരുന്ന വര്‍ഷത്തിലാണ് ഈ സ്ഥിതി. കഴിഞ്ഞ വര്‍ഷത്തെ തദ്ദേശപദ്ധതികള്‍ താളം തെറ്റിയതിനെ തുടര്‍ന്ന് ഇക്കൊല്ലത്തേക്കുകൂടി അത് വിനിയോഗിക്കാന്‍ അവസരം നല്‍കിയിരുന്നു. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തദ്ദേശ പദ്ധതി നിലക്കും.  കേന്ദ്ര സഹായമുള്ള 7657.73 കോടി രൂപയുടെ പദ്ധതിയില്‍ വിനിയോഗം വെറും 9.51 ശതമാനം മാത്രമാണ്. ആഗസ്റ്റ് വരെയുള്ള കണക്കെടുത്താന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അല്‍പം മെച്ചമാണെങ്കിലും അതിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുറവാണ്.

ഇക്കൊല്ലം 17000 കോടിയോളം രൂപയാണ് കടമെടുപ്പ് പരിധി. ഇപ്പോള്‍ തന്നെ അതില്‍ പകുതിയോളം നാല് മാസംകൊണ്ട് കടമെടുത്തിട്ടുണ്ട്. 5000 കോടി രൂപയുടെ അധികബാധ്യത വരുന്ന ശമ്പള പരിഷ്കരണം ഈ വര്‍ഷം അവസാനം നടപ്പാക്കേണ്ടിവരും. ഈ ബാധ്യതകൂടി വന്നാല്‍ സംസ്ഥാനത്തിന്‍െറ സാമ്പത്തികസ്ഥിതി കടുത്ത പ്രയാസത്തിലേക്കത്തെും. ഇത്തവണയും സാമ്പത്തിക വര്‍ഷാവസാനം കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.