ഓണം അരി: വിദ്യാര്‍ഥികള്‍ക്ക് വെട്ടിക്കുറച്ച വിഹിതം പുന:സ്ഥാപിച്ചു

തൃശൂര്‍: ഓണാഘോഷത്തിന് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതില്‍ നിന്നും വെട്ടിക്കുറച്ച അരി വിഹിതം സര്‍ക്കാര്‍ പുന$സ്ഥാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അഞ്ചു കിലോ അരിയില്‍ നിന്നും രണ്ടുകിലോ വെട്ടിക്കുറച്ച വാര്‍ത്ത ‘മാധ്യമം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അഞ്ചു കിലോ തന്നെ നല്‍കുമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്തു വന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അഞ്ചുകിലോ അരിയാണ് ഇക്കുറി മൂന്ന് കിലോയാക്കി കുറച്ചത്. സപൈ്ളകോ മുഖ്യ കാര്യാലയത്തില്‍ നിന്നും റീജനല്‍ മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നല്‍കിയ ഉത്തരവ്  ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ലഭിച്ചത്.

സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വാങ്ങുന്ന ഏഴാം ക്ളാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഓണത്തിന് അരി നല്‍കാറുള്ളത്. വന്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടപ്പോഴും ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന അരിയില്‍ കുറവ് വരുത്തിയിരുന്നില്ല. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഓണത്തിന് അരി നല്‍കേണ്ട കുട്ടികളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നു. ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് അഞ്ചുകിലോ വീതം ആവശ്യമായ അരി എത്രയാണ് വേണ്ടതെന്ന് എഴുതി അധികൃതര്‍ക്ക് നല്‍കിയിരുന്നു.

ഈ ലിസ്റ്റില്‍ നിന്നാണ് രണ്ടുകിലോ കുറച്ച് മൂന്നാക്കി അരി നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ഓരോ വിദ്യാര്‍ഥിക്കും അഞ്ചുകിലോ നല്‍കിക്കൊണ്ടുള്ള ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നല്‍കിയിട്ടുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മുഖേന ലിസ്റ്റിന് അനുസരിച്ച അരി തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ക്ക് ലഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.