ഹൈദരാബാദില്‍ ബംഗ്ളാദേശികളടക്കം ആറു പേര്‍ പിടിയില്‍

ഹൈദരാബാദ്: സംശയകരമായ സാഹചര്യത്തില്‍ മൂന്ന് ബംഗ്ളാദേശികളെ അടക്കം ആറു പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിനത്തിന്‍െറ മുന്നോടിയായി നടത്തിയ  പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ ഒരാള്‍ ദില്‍സൂഖ് നഗര്‍ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സോനു എന്ന വഖാസിനെ സഹായിച്ചയാളാണെന്നു കരുതുന്നു. ബംഗ്ളാദേശ് സ്വദേശികളായ മുഹമ്മദ് നസീര്‍, ഫൈസല്‍ മുഹമ്മദ്, മുഹമ്മദ് ഉസ്മാന്‍ എന്നിവരെയും ഇവര്‍ക്ക് അഭയം നല്‍കിയ ഹൈദരാബാദ് സ്വദേശികളായ മന്‍സൂര്‍ അലിഖാന്‍, ഷഹീന്‍ പര്‍വേസ്, റിയാസുല്‍ റഹ്മാന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകളുമായി ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ മുഹമ്മദ് നസീറിന് ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്ലാമിയുമായോ ഹുജിയുമായോ ബന്ധമുണ്ടാകാമെന്നും പൊലീസ് പറയുന്നു. 2013ല്‍ 17പേരുടെ മരണത്തില്‍ കലാശിച്ച ദില്‍സൂഖ് നഗര്‍ ബോംബ് സ്ഫോടനത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന വഖാസിനെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് നസീറാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നാംപള്ളി ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ ആഗസ്റ്റ് 28 വരെ റിമാന്‍റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.