അഴിമതിക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടി തുടരാന്‍ തീരുമാനം

കോട്ടയം: വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. പൊതുമരാമത്ത്-ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ വിജിലന്‍സ് ശിപാര്‍ശ കണക്കിലെടുത്ത് വകുപ്പ് മന്ത്രിമാരോട് പോലും ആലോചിക്കാതെ സസ്പെന്‍ഡ് ചെയ്ത നടപടി മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് പുതിയ തീരുമാനം.
ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷനെതിരെ മന്ത്രിമാരായ വി.കെ. ഇബ്രാഹീംകുഞ്ഞും പി.ജെ. ജോസഫും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടി നിയമപരമാണെന്ന കാട്ടി ആഭ്യന്തര വകുപ്പ് നിലപാടില്‍ ഉറച്ചു നിന്നതും തുടര്‍ന്ന് നടപടിക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതുമാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടിന് ആഭ്യന്തര വകുപ്പിന് പ്രേരകമായത്.
 പ്രധാനപ്പെട്ട പതിനഞ്ചോളം കേസുകളാണ് വകുപ്പിന്‍െറ പരിഗണനയില്‍. ഫയലുകള്‍ പരിശോധിച്ച് നടപടിയെടുക്കുക ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. വിജിലന്‍സ് നല്‍കിയ ശിപാര്‍ശ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്.
വിജിലന്‍സ് ഡയറക്ടറുമായി ആലോചിച്ചാകും നടപടി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടത്തെിയത്. അതേസമയം, ആഭ്യന്തര വകുപ്പിന്‍െറ നിലപാടില്‍ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.