കോഴിക്കോട്-തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി അട്ടിമറിക്കാന്‍ ഐ.എ.എസ് ലോബി

കോട്ടയം: പദ്ധതി രേഖ കൃത്യമായി കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ അഞ്ചു മാസത്തിനകം കോഴിക്കോട്-കൊച്ചി ലൈറ്റ് മെട്രോക്ക് അനുമതി വാങ്ങുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉറപ്പ് നല്‍കിയിട്ടും പദ്ധതി അട്ടിമറിക്കാന്‍ ഐ.എ.എസ് ലോബി നീക്കം ശക്തമാക്കി. പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയും ഇ. ശ്രീധരനെയും ഒഴിവാക്കി നിര്‍മാണച്ചുമതല ഏറ്റെടുക്കാനാണ്  ഐ.എ.എസ് ലോബി അണിയറയില്‍ ചരടുവലിക്കുന്നത്.

മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഒരുവിധ ഇടപെടലും നടത്താനാകാത്ത വിധം പദ്ധതി വൈകിപ്പിച്ച് നിര്‍മാണച്ചുമതല കൈപ്പിടിയില്‍ ഒതുക്കാനുള്ള എല്ലാ നടപടിയും ഇവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് വിവരം. സംസ്ഥാനത്തെ ഏതാനും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ട്. ഡല്‍ഹി മെട്രോയുടെ വിശദ പദ്ധതി രേഖയും (ഡി.പി.ആര്‍) നിര്‍മാണ ഷെഡ്യൂളും  തയാറാക്കി സമര്‍പ്പിച്ചിട്ടും മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്ക് എത്തിക്കാന്‍പോലും ഉദ്യോഗസ്ഥ ലോബി തയാറാകുന്നില്ല.

അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്ക് കൊണ്ടുവരാതെ അനാവശ്യ തടസ്സങ്ങള്‍ ഉന്നയിച്ച് പദ്ധതി അനിശ്ചിതമായി നീട്ടാന്‍  ഉദ്യോഗസ്ഥ ലോബി മാസങ്ങളായി ശ്രമിച്ചുവരികയാണ്.  നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും തുടര്‍നടപടിക്കുള്ള ഫയല്‍ ഇതുവരെ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ എത്തിച്ചിട്ടുമില്ല. ഫയല്‍ വൈകുന്നതിനെതിരെ പൊതുമരാമത്ത് മന്ത്രി മുഖ്യമന്ത്രിയെക്കണ്ട് പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ ലോബി അനങ്ങുന്നില്ല.

കൊച്ചി മെട്രോയില്‍നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാന്‍ നടത്തിയ അതേ തന്ത്രങ്ങളാണ് ലൈറ്റ് മെട്രോയിലും പ്രയോഗിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ എത്തിക്കണമെന്ന് കഴിഞ്ഞ നാലു മന്ത്രിസഭാ യോഗത്തിലും പൊതുമരാമത്ത് മന്ത്രി നിര്‍ദേശിച്ചിട്ടും ചീഫ് സെക്രട്ടറി നടപടിയെടുത്തില്ല. 2014 ജൂലൈയില്‍ മന്ത്രിസഭ അംഗീകരിച്ച പദ്ധതി ഒരു വര്‍ഷമായിട്ടും വൈകിപ്പിക്കുന്നതിന് പിന്നില്‍ പദ്ധതിയില്‍നിന്ന് ശ്രീധരനെ ഒഴിവാക്കുക എന്ന തന്ത്രം മാത്രമാണെന്ന് ഡി.എം.ആര്‍.സി കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഒരു വര്‍ഷത്തിനിടെ അഞ്ചിലേറെ തവണ ശ്രീധരന്‍ കേരളത്തിലത്തെി സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴൊക്കെ അനുകൂല നിലപാട് അറിയിച്ച സര്‍ക്കാര്‍ തുടര്‍നടപടിയില്‍നിന്ന് പിന്നാക്കം പോകുന്നതിലുള്ള അതൃപ്തി അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. ഇനിയും കാത്തിരിക്കില്ളെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. പദ്ധതി നിര്‍മാണത്തിന് ഫണ്ട് കണ്ടത്തൊനുള്ള മാര്‍ഗങ്ങള്‍ വരെ ശ്രീധരന്‍ നിര്‍ദേശിച്ചിട്ടും ഫയലുകള്‍ തിരക്കിട്ട് കേന്ദ്രസര്‍ക്കാറിന് അയക്കാനുള്ള നീക്കവും നടക്കുകയാണ്. ഫയല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ അടുത്തെങ്ങും അനുമതി കിട്ടില്ളെന്ന് അറിഞ്ഞുകൊണ്ടാണ് ഇതിനുള്ള നീക്കം ആരംഭിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 20 ശതമാനം വീതം ഫണ്ടും വിദേശ വായ്പയായി 60 ശതമാനം ഫണ്ടും നല്‍കി പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു ശ്രീധരന്‍െറ നിര്‍ദേശം. ആവശ്യമെങ്കില്‍ കേന്ദ്ര-സംസ്ഥാന വിഹിതം 10 ശതമാനം വീതമാക്കി ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ 80 ശതമാനം തുക വായ്പ ലഭ്യമാക്കാനുള്ള നിര്‍ദേശങ്ങളും അദ്ദേഹം വെച്ചിരുന്നു. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ അഞ്ചു മാസത്തിനകം നിര്‍മാണം തുടങ്ങാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. 80 ശതമാനം വരെ വായ്പ നല്‍കാന്‍ ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ ബാങ്ക്  തയാറായിട്ടുണ്ട്.

പദ്ധതിക്കായി 6728 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തിനായി 4219 കോടിയും കോഴിക്കോടിനായി  2509 കോടിയുമാണ് വേണ്ടിവരിക. സംസ്ഥാന സര്‍ക്കാര്‍ 1619 കോടിയും കേന്ദ്രം 1278 കോടിയും നല്‍കണമെന്നായിരുന്നു  ആദ്യ തീരുമാനം എങ്കിലും ജപ്പാന്‍ ധനകാര്യസ്ഥാപനം വായ്പതുക വര്‍ധിപ്പിക്കാമെന്ന് അറിയിച്ചിട്ടും തുടര്‍നടപടി എടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തി.
പദ്ധതിക്കായി ഡി.എം.ആര്‍.സി തയാറാക്കിയ റിപ്പോര്‍ട്ടിന് കേരള റാപിഡ് ട്രാന്‍സിസ്റ്റ് കോര്‍പറേഷനും അനുമതി നല്‍കിയിരുന്നു. നടപടികള്‍ അന്തിമഘട്ടത്തിലത്തെിച്ചിട്ടും  പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സിയെയും ശ്രീധരനെയും ഒഴിവാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം. പദ്ധതിക്കായി ബജറ്റില്‍ 2000 കോടി നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.