കഷ്ടപ്പാടിലും കഥാപ്രസംഗത്തെ നെഞ്ചോടുചേര്‍ത്ത കാഥിക

ആലപ്പുഴ: ഐഷാബീഗത്തിന്‍െറ വേര്‍പാടോടെ കഥാപ്രസംഗകലയിലെ ഒരു യുഗത്തിന്‍െറ അന്ത്യമായി. 30 വര്‍ഷത്തിലേറെ മലയാളിയുടെ മുന്നില്‍ കഥയും ഗാനങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ച മുസ്ലിം സമുദായത്തിലെ പ്രഥമ കാഥികയാണ് വിടവാങ്ങിയത്. ജീവിതത്തിന്‍െറ പ്രതികൂല സാഹചര്യങ്ങളിലും വേദികളില്‍നിന്ന് വേദികളിലേക്ക് അവര്‍ എത്തിയത് കലയോടുള്ള ആത്മാര്‍പ്പണം ഒന്നുകൊണ്ടുമാത്രമായിരുന്നു. സമുദായത്തില്‍ നിലനിന്ന എതിര്‍പ്പുകള്‍ പോലും പില്‍ക്കാലത്ത് അലിഞ്ഞില്ലാതായത് ഐഷാബീഗത്തിന്‍െറ കഥാവതരണത്തിലെ കരുത്തുകൊണ്ടായിരുന്നു.

25ഓളം കഥകള്‍ പറഞ്ഞ ഐഷാബീഗം  പത്തോളം കഥകള്‍ മാപ്പിള കഥാപശ്ചാത്തലത്തില്‍ നിന്ന് തെരഞ്ഞെടുത്തതായിരുന്നു. അറബിക്കഥകളിലെ അപൂര്‍വസുന്ദരമായ കഥകളും അതില്‍പ്പെടുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദുകണ്ണ്-ഫാത്തിമ ദമ്പതികളുടെ മകളായി 1943ല്‍ ജനിച്ച ഐഷാബീഗം 1961ലാണ് ആലപ്പുഴയില്‍ ആദ്യ കഥയായ ‘ധീരവനിത’ അവതരിപ്പിച്ചത്.

സ്ത്രീധനം എന്ന അനാചാരത്തിനെതിരെ കഥാപ്രസംഗത്തെ അവര്‍ ഉപയോഗപ്പെടുത്തി. നൂറുകണക്കിന് വേദികളിലാണ് ‘സ്ത്രീധനം’ അവതരിപ്പിച്ചത്. ‘ബദറുല്‍ മുനീറും ഹുസനുല്‍ ജമാലും’ എന്ന നിഷ്കളങ്ക പ്രണയത്തിന്‍െറ കഥയും നിരവധി വേദികളില്‍ പറഞ്ഞു. കഥക്ക് യോജിച്ച പാട്ടുകളും ആവശ്യമായ ഉപമകളും ശക്തമായ ഭാഷയുടെ അകമ്പടിയോടെ ഐഷാബീഗം അവതരിപ്പിച്ചപ്പോള്‍ സാംബശിവന്‍െറയും കൊല്ലം ബാബുവിന്‍െറയും സമകാലികരില്‍ പ്രമുഖയായ സ്ത്രീ കാഥിക എന്ന പേര് അവര്‍ സമ്പാദിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ച ഐഷാബീഗം വളര്‍ന്നത് പിതൃസഹോദരനായ ഇബ്രാഹിമിന്‍െറ തണലിലായിരുന്നു. ഐഷാബീഗത്തിന്‍െറ കലാഭിരുചി മനസ്സിലാക്കിയ ബന്ധുക്കള്‍ അവരെ അതിനായി പരിശീലിപ്പിച്ചു. ഭാഗവതര്‍ കുഞ്ഞുപണിക്കനാണ് സംഗീതം പഠിപ്പിച്ചത്.

കലാകാരനായ എ.എം. ഷരീഫുമായുള്ള വിവാഹം  കഥാപ്രസംഗത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായകമായി. അയ്യായിരത്തോളം വേദികളില്‍ അവര്‍ കഥ പറഞ്ഞു. സ്ഫുടമായ ഭാഷയും ഗാനാലാപനവും കഥാവതരണത്തിലെ കൈയൊതുക്കവും സന്ദര്‍ഭത്തിന്‍െറ ഭാവാദിവിവരണവും ഐഷാബീഗത്തിന്‍െറ പ്രത്യേകതയായിരുന്നുവെന്ന് അവരുടെ തബലിസ്റ്റായി പ്രവര്‍ത്തിച്ച ആലപ്പി ഇക്ബാല്‍ ഓര്‍ക്കുന്നു. കലാജീവിതം ഐഷാബീഗത്തിന് ആസ്വാദകരെ നല്‍കിയെങ്കിലും സാമ്പത്തികമായി  ഒന്നും നേടിയില്ല. 1991ലാണ് അവസാനമായി കഥ പറഞ്ഞത്. പിന്നീട് ശാരീരിക അസ്വസ്ഥത മൂലം ക്രമേണ വേദികളില്‍നിന്ന് നിഷ്ക്രമിച്ചു.

1998ല്‍ ഭര്‍ത്താവിന്‍െറ മരണത്തോടെ ജീവിതം പ്രയാസപൂര്‍ണമായി. മകന്‍ അന്‍സാറിന്‍െറ തണലിലായിരുന്നു ശിഷ്ടകാലം. രണ്ടാമത്തെ മകന്‍ നൗഷാദ് നേരത്തെ മരിച്ചിരുന്നു. സാംസ്കാരിക കേരളവും സര്‍ക്കാറും തികച്ചും അവഗണിച്ച കലാകാരിയായിരുന്നു അവര്‍. സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നല്‍കിയതൊഴിച്ചാല്‍ സര്‍ക്കാറിന്‍െറ വലിയ പരിഗണനയൊന്നും ഉണ്ടായില്ല. അവശകലാകാരിയുടെ പെന്‍ഷന്‍ മാത്രമായിരുന്നു ആകെ ആശ്രയം. നൂറില്‍പരം ഓഡിയോ കാസറ്റുകളിലും എച്ച്.എം.വി ഗ്രാമഫോണ്‍ റെക്കോഡുകളിലും ആ ശബ്ദം ഉണ്ടായെങ്കിലും ജീവിതത്തിന്‍െറ മിച്ചം കണ്ണീരും ദുരിതങ്ങളുമായിരുന്നു. കാഥികയായ റംലാബീഗത്തെ കാണണമെന്ന അഭിലാഷം കുറച്ചുകാലം മുമ്പ് ആലപ്പുഴയില്‍ പങ്കിട്ട ഒരു വേദിയിലൂടെ അവര്‍ സഫലീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.