കൊച്ചി: എ. ജി ഓഫിസിന്‍െറ കാര്യക്ഷമതയില്ലായ്മ പരാമര്‍ശിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച മന്ത്രി കെ.സി. ജോസഫിനെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹരജി നിലനില്‍ക്കുന്നതാണോയെന്ന് കോടതി പരിശോധിക്കും.
കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കറ്റ് ജനറലിന്‍െറ മുന്‍കൂര്‍ അനുമതി വേണമെന്നിരിക്കേ നേരിട്ട് ഹരജിയായി സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇതിന്‍െറ സാധുത സംബന്ധിച്ച് പരിശോധിക്കുന്നത്. ഹരജി വ്യാഴാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മാറ്റി. ജൂലൈ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി കോടതിയുടെ പരിഗണനക്കായി ഹരജി സമര്‍പ്പിച്ചത്.
കോടതിയെ അപമാനിച്ചിട്ടും മന്ത്രിയെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടാണ് അഡ്വക്കറ്റ് ജനറല്‍ സ്വീകരിച്ചത്. മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ എ.ജി തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹരജി രജിസ്ട്രി മുഖേന കോടതിയുടെ പരിഗണനക്ക് വിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നേരിട്ട് കോടതിയെ സമീപിച്ചത്. എ.ജിയുടെ മുന്‍കൂര്‍ അനുമതിയോടെ വേണം ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനെന്നാണ് ചട്ടം. അല്ളെങ്കില്‍ കത്ത് മുഖേനയോ മറ്റോ ചീഫ് ജസ്റ്റിസിന്‍െറ ശ്രദ്ധയില്‍പ്പെടുകയും സ്വമേധയാ കോടതയലക്ഷ്യ നടപടി സ്വീകരിക്കുകയുമാകാം.
ഇത് രണ്ടുമല്ലാത്ത നിലയില്‍ ഹരജിയായി സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇതിന്‍െറ നിലനില്‍പ് സംബന്ധിച്ച് പരിശോധിക്കുന്നത്. കക്ഷികളില്‍നിന്ന് വാദം കേട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ജഡ്ജിയെ വ്യക്തിഹത്യ നടത്തുന്നതും ഹൈകോടതിയുടെ സത്യസന്ധതയെ ചോദ്യംചെയ്യന്നതുമാണ് നിയമ ബിരുദധാരികൂടിയായ മന്ത്രിയുടെ പ്രസ്താവനയെന്നാണ് ഹരജിയിലെ ആരോപണം.
എ.ജി ഓഫിസിനെതിരായ വിമര്‍ശത്തിന്‍െറ പേരില്‍ ന്യായാധിപനെതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരവും അടിസ്ഥാനരഹിതവും നീതിനിര്‍വഹണത്തിലെ ഇടപെടലുമായതിനാല്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം.
ഫേസ് ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ ന്യായാധിപനെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.