തിരുവനന്തപുരം: പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപവത്കരണം റദ്ദാക്കിയ ഹൈകോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്. തലസ്ഥാനത്ത് ചൊവ്വാഴ്ച രാത്രിവരെ നീണ്ട കൂടിയാലോചനകള്‍ക്കും ആശയവിനിമയത്തിനും ഒടുവിലാണ് കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2010ലെ വിഭജനം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട് തള്ളിയാണ് സര്‍ക്കാറിന്‍െറ അപ്പീല്‍ തീരുമാനം. വൈകീട്ട് തെരഞ്ഞെടുപ്പ് കമീഷനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കും അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുമായി നടത്തിയ ആശയവിനിമയത്തിനും ശേഷമാണ് അപ്പീല്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ബുധനാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോടതിവഴി പരിഹാരം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. പഞ്ചായത്ത് രൂപവത്കരണം റദ്ദുചെയ്ത കോടതി നാലു മുനിസിപ്പാലിറ്റി ഒഴിച്ച് മറ്റുള്ളവയുടെ രൂപവത്കരണം അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ 2010ലെ നിലയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ പ്രായോഗികമായും നിയമപരമായും ബുദ്ധിമുട്ടുണ്ടാവും. മുനിസിപ്പാലിറ്റികള്‍ പഞ്ചായത്തുകളാക്കി ഉത്തരവ് ഇറക്കണം. മുകളിലേക്ക് പോവാം. എന്നാല്‍ താഴേക്ക് പോവാനാവില്ല. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും. അപ്പീല്‍ തള്ളിയാല്‍ അപ്പോള്‍ ആലോചിക്കാം.തെരഞ്ഞെടുപ്പ് കമീഷനുമായി ചര്‍ച്ചനടത്തിയത് എങ്ങനെ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താമെന്നാണ്. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമീഷന് സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണയുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ ഇനിയും ഒരു മാസം സമയമുണ്ട്. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി വരണമെന്നാണ് സര്‍ക്കാറിന്‍െറ ആഗ്രഹം. സര്‍ക്കാറിനും കമീഷനും ഇക്കാര്യത്തില്‍ ഒരേ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതിവിധി അംഗീകരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ നഗരസഭകളായി അംഗീകരിച്ചവയെ വീണ്ടും പഞ്ചായത്തുകളാക്കേണ്ടിവരുമെന്നതടക്കം നിയമപ്രശ്നം ഉയര്‍ത്തിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. ഇതോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ അനിശ്ചിതത്വത്തിലായി. അപ്പീല്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടും അപ്പീല്‍ നല്‍കണമെന്ന് മുസ്ലിംലീഗ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം റദ്ദാക്കിയ കോടതി നാലെണ്ണം ഒഴികെയുള്ള നഗരസഭകളുടെ രൂപവത്കരണം അംഗീകരിച്ചിട്ടുണ്ട്.
ഇതിലെ വൈരുധ്യവും സര്‍ക്കാര്‍ ഉന്നയിക്കും. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം അംഗീകരിച്ചുതന്നെ തദ്ദേശതെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് തുടക്കംമുതല്‍ ലീഗ് സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ യോഗം ചേര്‍ന്ന ലീഗ്മന്ത്രിമാര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. യോഗത്തിനുശേഷം ലീഗ്മന്ത്രിമാര്‍ ഉച്ചക്ക് 12 ഓടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എന്നിവര്‍കൂടി പങ്കെടുത്ത യോഗത്തില്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് അന്തിമധാരണയായില്ല.
ലീഗിന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വിഭജിച്ച പഞ്ചായത്തുകളെ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന്‍െറ ആവശ്യപ്രകാരം നടത്തിയ വിഭജനമാണ് തള്ളിയതെന്നും ലീഗ്മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞു. വിഷയത്തെ ജാതീയമായി കാണുന്ന ചിലര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂടി ചേരുന്നതില്‍ ലീഗിന് വിഷമമുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോയേ മതിയാകൂ എന്നും ഇതില്‍ വിട്ടുവീഴ്ചക്കില്ളെന്നും യോഗത്തില്‍ ലീഗ് നിലപാട് കടുപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.