എക്സൈസ് ഉന്നതരുടെ നിരന്തരപരാതി; അഡീഷനല്‍ കമീഷണറെ മാറ്റി


തിരുവനന്തപുരം:  എക്സൈസ് ഉന്നതരുടെ നിരന്തര പരാതിയെ തുടര്‍ന്ന് അഡീഷനല്‍ എക്സൈസ് കമീഷണറെ സ്ഥലം മാറ്റി. അഡീഷനല്‍ എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്‍റ്) രാധാകൃഷ്ണനെയാണ്  ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റിയത്. ഇദ്ദേഹം എക്സൈസില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. തന്നെ വ്യക്തിഹത്യ നടത്താന്‍ രാധാകൃഷ്ണന്‍ മഞ്ഞപ്പത്രങ്ങളിലൂടെ ശ്രമിക്കുന്നെന്ന് കാട്ടി  ജോയന്‍റ് കമീഷണര്‍ എക്സൈസ് കമീഷണര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. പല അബ്കാരി കേസുകളിലും രാധാകൃഷ്ണന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. ഇടുക്കി റെയ്ഞ്ചിലെ ചില കുപ്രസിദ്ധ അബ്കാരി പ്രമാണിമാരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുള്ളതായും ആക്ഷേപമുണ്ടായിരുന്നു. പൊലീസില്‍നിന്ന് ഡെപ്യൂട്ടേഷനിലത്തെിയ എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍. എക്സൈസ് ജോയന്‍റ് കമീഷണര്‍മാരെക്കാള്‍ കുറഞ്ഞ സര്‍വിസുള്ള എസ്.പിയെ അഡീഷനല്‍ എക്സൈസ് കമീഷണറാക്കിയത് സീനിയോറിറ്റി തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു. രാധാകൃഷ്ണനെക്കുറിച്ച് എക്സൈസ് ഉന്നതര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നില്ല. ഭരണകക്ഷിയിലെ പ്രമുഖനാണ് ഇദ്ദേഹത്തെ സംരക്ഷിച്ചതത്രെ.
ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വകുപ്പുമന്ത്രി കെ. ബാബുവിനോട് പരാതിപ്പെടുകയായിരുന്നു. ബാബുവിന്‍െറ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്.
എക്സൈസ് വിജിലന്‍സ് ഓഫിസര്‍ എ. വിജയനെ പുതിയ അഡീഷനല്‍ കമീഷണറായി (എന്‍ഫോഴ്സ്മെന്‍റ്) നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രാധാകൃഷ്ണന് പുതിയ ചുമതല നല്‍കിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.