അകലെ എവിടെയോ അവനുണ്ടാകും

കായംകുളം: പ്രണവിന്‍െറ ഹൃദയം ഇനിയുമിടിക്കും, കരള്‍ തുടിക്കും, ശ്വാസകോശത്തിലൂടെ ജീവവായു ശ്വസിക്കും, വൃക്ക പ്രവര്‍ത്തിക്കും,  കായംകുളം കണ്ണമ്പള്ളിഭാഗം കൊട്ടോളില്‍ പ്രണവ് (സിബി -19) അവയവദാന ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍ കുടുംബത്തിന് അത് കണ്ണീരില്‍ കുതിര്‍ന്ന അഭിമാനം. ഏകമകന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച നിമിഷം തന്നെ അവന്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്ന് വിങ്ങുന്ന മനസ്സോടെ മാതാപിതാക്കളായ ഹരിലാലും ബിന്ദുവും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതുകുളം ചൂളത്തെരുവിന് സമീപമുണ്ടായ ബൈക്കപകടത്തിലാണ് പ്രണവിന് തലക്ക് സാരമായി പരിക്കേറ്റതും പിന്നീട് മരിച്ചതും. മകന്‍െറ ജീവന്‍ തിരിച്ചുകിട്ടില്ളെന്ന് മനസ്സിലാക്കിയ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഹരിലാലിന്‍െറയും ബിന്ദുവിന്‍െറയും മനസ്സില്‍ സ്വകാര്യമായി സൂക്ഷിച്ച ആഗ്രഹമാണ് മകനിലൂടെ അവര്‍ നിറവേറ്റുന്നത്. ഹരിലാലിന്‍െറ പിതാവ് പൊടിയന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പ്രണവിന് അപകടമുണ്ടായത്. പൊടിയന്‍െറ സഞ്ചയനം പ്രണവിന്‍െറ മരണത്തോടെ 16ലേക്ക് മാറ്റി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമാണ് ഹരിലാല്‍. പ്രണവും സാമൂഹികപ്രവര്‍ത്തന രംഗത്ത് പിതാവിന്‍െറ വഴിയിലായിരുന്നു.
സാധ്യമാകുന്ന എല്ലാ അവയവങ്ങളും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താന്‍ നല്‍കണമെന്ന ഹരിലാലിന്‍െറ തീരുമാനത്തിലൂടെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ളവരും തമിഴ്നാട്ടുകാരും ജീവിക്കുമെന്നത് അശ്രുകണങ്ങള്‍ക്കൊപ്പം മനസ്സില്‍ നിറയുന്ന മറ്റൊരു വികാരംകൂടിയാണ്.
 പ്രണവിന്‍െറ മൃതദേഹം അപ്പൂപ്പന്‍െറ കുഴിമാടത്തിനരികെയാകും സംസ്കരിക്കുക. ബുധനാഴ്ച ഉച്ചക്കുശേഷമാണ് സംസ്കാരം.  പ്രണവിന്‍െറ വൃക്കകള്‍, കരള്‍, ചെറുകുടല്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തു. ഒരു വൃക്കയും കരളും ലേക്ഷോറിലെ രണ്ട് രോഗികള്‍ക്ക് മാറ്റിവെച്ചു. ചെറുകുടല്‍ അമൃത ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്കും മാറ്റിവെച്ചു. അതേസമയം ക്ഷതമേറ്റതിനാല്‍ നേത്രപടലങ്ങള്‍ ഉപയോഗിക്കാനാകില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച കായംകുളം മുതുകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പ്രണവിന് ഗുരുതര പരിക്കേറ്റത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും നില ഗുരുതരമായതിനത്തെുടര്‍ന്ന് ലേക്ഷോറിലത്തെിക്കുകയായിരുന്നു. ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കാര്‍പെന്‍ററായ ഹരിലാലാണ് അച്ഛന്‍. അമ്മ ബിന്ദു. കായംകുളം സെന്‍റ്മേരീസ് സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥി ദൃശ്യയാണ് സഹോദരി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.