സിവില്‍ സപ്ലൈസ് വകുപ്പ് ശേഖരിച്ച റേഷന്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോകള്‍ നഷ്ടപ്പെട്ടു

തൃശൂര്‍: പുതിയ റേഷന്‍ കാര്‍ഡിനായി സിവില്‍ സപൈ്ളസ് വകുപ്പ് എടുത്ത ഉടമകളുടെ ഫോട്ടോകള്‍ നഷ്ടമായി. സംസ്ഥാനത്താകെ മൂന്നുമാസം മുമ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് എടുത്ത് ഇന്‍റനെറ്റ് വഴി ശേഖരിച്ച ലക്ഷത്തോളം ഫോട്ടോകളാണ് സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നഷ്ടമായത്. രാജ്യത്തിന് തന്നെ മാതൃകയായി സ്ത്രീകളെ കാര്‍ഡ് ഉടമകളാക്കി പുറത്തിറക്കുന്ന റേഷന്‍ കാര്‍ഡിനായുള്ള ഫോട്ടോകളാണ് നഷ്ടപ്പെട്ടത്. ക്യാമ്പുകളില്‍ ഇന്‍റര്‍നെറ്റ് മുഖേന സിവില്‍ സപൈ്ളസ് വകുപ്പ് ആസ്ഥാനത്ത് സ്ഥാപിച്ച കേന്ദ്രസെര്‍വറിലേക്ക് അപ്ലോഡ് ചെയ്തവയാണ് ഇവ. കേന്ദ്രസെര്‍വറിനുണ്ടായ തകരാറാണ് ഫോട്ടോകള്‍ നഷ്ടപ്പെടാന്‍ കാരണം. മിക്ക താലൂക്കുകളിലും ആയിരക്കണക്കിന് ഫോട്ടോകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ റേഷന്‍ കാര്‍ഡ് നിര്‍മാണപ്രക്രിയയിലെ മൂന്നാംഘട്ടം സങ്കീര്‍ണമായി.

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് (കെസ്വാന്‍) ഉപയോഗിച്ചാണ് ഫോട്ടോകള്‍ ശേഖരിക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ആയതിനാല്‍ ഇടക്കിടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഒരേസമയം സംസ്ഥാനത്തെ മുഴുവന്‍ സിവില്‍ സപൈ്ളസ് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ഫോട്ടോ അപ്ലോഡ് ചെയ്തതോടെ സിവില്‍ സപൈ്ളസ് വകുപ്പിലെ പ്രധാന സെര്‍വര്‍ പണിമുടക്കുകയായിരുന്നു.

മേയ് ആറിനാണ് റേഷന്‍ അപേക്ഷകളിലെ ഡാറ്റഎന്‍ട്രി പ്രവര്‍ത്തനം തുടങ്ങിയത്. ഡാറ്റഎന്‍ട്രി പ്രവര്‍ത്തനം സംസ്ഥാനത്താകെ കഴിഞ്ഞിട്ടുണ്ട്. ശേഷം റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഫോട്ടോകള്‍ നഷ്ടപ്പെട്ടത് അറിയുന്നത്. എന്നാല്‍, ഡാറ്റഎന്‍ട്രി ജീവനക്കാര്‍ നേരത്തെ തന്നെ ഫോട്ടോകള്‍ നഷ്ടപ്പെട്ട കാര്യം അറിയിച്ചുരുന്നുവെങ്കിലും വകുപ്പ് നടപടി എടുത്തിരുന്നില്ല.

ഡാറ്റഎന്‍ട്രി ജീവനക്കാര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഫോട്ടോകള്‍ പരിശോധനക്കിടെ വീണ്ടും ക്യാമ്പ് നടത്തി എടുക്കാമായിരുന്നു. നിലവില്‍ ഫോട്ടോ എടുക്കാന്‍ ക്യാമ്പുകള്‍ നടത്തുന്നത് സമയം ഏറെ നഷ്ടപ്പെടുത്തും. റേഷന്‍കാര്‍ഡ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി -ഡിറ്റും അക്ഷയയും കുടുംബശ്രീയുമാണ് ഫോട്ടോ എടുത്തതും ഡാറ്റഎന്‍ട്രി പ്രവര്‍ത്തനങ്ങളും നടത്തിയത്. അതുകൊണ്ടുതന്നെ സര്‍ക്കാറിന് ചെലവില്ലാതെ വീണ്ടും ഫോട്ടോ എടുക്കാനാവും. എന്നാല്‍, ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് വകുപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പൂരിപ്പിച്ചു വാങ്ങിയ അപേക്ഷകള്‍ അപൂര്‍ണമായതിനാല്‍ റേഷന്‍ കാര്‍ഡ് പുതുക്കലിന്‍െറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ വഴിമുട്ടിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിരവധി വസ്തുതകള്‍ ഒഴിവാക്കിയാണ് ഡാറ്റഎന്‍ട്രി നടത്തിയത്. അപേക്ഷകളിലെ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് നാഷനല്‍ ഇന്‍ഫോറമേഷന്‍ സെന്‍റര്‍ (എന്‍.ഐ.സി) തയാറാക്കിയ സോഫ്റ്റ്ഫെയറാണ് ഉപയോഗിച്ചത്. ഏറെ പണിപ്പെട്ട് ഡാറ്റഎന്‍ട്രി പൂര്‍ത്തിയാക്കിയെങ്കിലും ഫോട്ടോ നഷ്ടമായതോടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടും നീളും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.