കാലിക്കറ്റ് വി.സിക്ക് നാളെ പടിയിറക്കം

കോഴിക്കോട്: വിവാദങ്ങള്‍ ബാക്കിയാക്കി കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് ഡോ. എം. അബ്ദുസ്സലാം പടിയിറങ്ങുന്നു. വി.സി പദവിയില്‍ നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന്‍െറ മടക്കം.
നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും വിവാദങ്ങളുടെ കൂട്ടുകാരനായാണ് വി.സി അറിയപ്പെടുന്നത്. ഭൂമി ദാനം, ബി.ടെക് പുന$പരീക്ഷ, ബിരുദ സര്‍ട്ടിഫിക്കറ്റുകളിലെ കൂട്ടത്തെറ്റ്, വിദേശ യാത്രകള്‍, കോളജുകള്‍ അനുവദിക്കല്‍ തുടങ്ങി ഒട്ടേറെ വിവാദങ്ങളാണ് ഇക്കാലയളവിലുണ്ടായത്. സിന്‍ഡിക്കേറ്റ് യോഗത്തിലെ അടിപിടി കാരണം കാലിക്കറ്റ് ഡി-ലിറ്റ് ഇ. ശ്രീധരന്‍ നിരസിച്ചതും വിവാദമായി.

മുസ്ലിം ലീഗ് നോമിനിയായി എത്തിയ വി.സി സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളുമായും ഉടക്കി. ഇടത്-വലത് ജീവനക്കാര്‍ സംയുക്ത സമരസമിതിയുണ്ടാക്കി വി.സിക്കെതിരെ അവസാനം വരെ നിലകൊണ്ടു. ജീവനക്കാരും ഇടത് അധ്യാപക-വിദ്യാര്‍ഥികളും സിന്‍ഡിക്കേറ്റംഗങ്ങളുമൊക്കെ എതിരായത് കാമ്പസിനെ സമരകേന്ദ്രമാക്കി. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഹാജര്‍ നില രേഖപ്പെടുത്താന്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയതും നിസ്സാര കാരണങ്ങള്‍ക്കുപോലും ഷോക്കോസ് നല്‍കിയതും വ്യാപക എതിര്‍പ്പുണ്ടാക്കി.
സമരങ്ങളുടെ വേലിയേറ്റം കാമ്പസില്‍ സ്ഥിരം പൊലീസ് ഒൗട്ട് പോസ്റ്റും വി.സിക്ക് സായുധ പൊലീസ് സംരക്ഷണവും സമരനിരോധത്തിനുമിടയാക്കി. സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്തേ തീരുമാനമെടുക്കാവൂവെന്ന് ചാന്‍സലര്‍ക്ക് ഉത്തരവിടേണ്ട അവസ്ഥയുണ്ടായി.

മൂന്നുദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഫാസ്റ്റ്ട്രാക് സംവിധാനം, മികവിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോളജുകള്‍ക്കും വിവിധ പുരസ്കാരങ്ങള്‍, വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളും പഠനക്കുറിപ്പുകളും, 20 വര്‍ഷം മുമ്പ് കോഴ്സ് കഴിഞ്ഞവര്‍ക്ക് വരെ സ്പെഷല്‍ സപ്ളിമെന്‍ററി, അപേക്ഷ സമര്‍പ്പണവും സേവനവും പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനം, വൈ ഫൈ കാമ്പസ്, വ്യായാമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിഗ്രിക്ക് ഗ്രേസ് മാര്‍ക്ക്, വാട്സ്ആപ്പിലൂടെ പരാതി കേള്‍ക്കല്‍, അധ്യാപക-വിദ്യാര്‍ഥി അദാലത്തുകള്‍, പരീക്ഷാ കണ്‍ട്രോളര്‍ക്കു കീഴില്‍ എട്ട് ജോയന്‍റ് കണ്‍ട്രോളര്‍മാര്‍ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങളും ഇദ്ദേഹം നടപ്പാക്കി. കാര്‍ഷിക സര്‍വകലാശാലയില്‍ പ്രഫസറായിരിക്കെ 2011 ആഗസ്റ്റ് 12നാണ് ഡോ. എം. അബ്ദുസ്സലാം വി.സിയായി എത്തുന്നത്.
പുതിയ വി.സിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുവരെ കണ്ണൂര്‍ വി.സി ഡോ. ഖാദര്‍ മങ്ങാടിനാണ് ചുമതല. വി.സി സ്ഥാനമൊഴിയുന്ന ദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ജീവനക്കാരുടെ സംയുക്ത സമരസമിതി. പ്രതീകാത്മകമായി വിചാരണ ചെയ്യല്‍, പ്രകടനം തുടങ്ങിയ പരിപാടികളാണ് ഒരുക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.