തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനെതിരെ ധനവകുപ്പ് കുരുക്ക് മുറുക്കി. വിദഗ്ധസമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചത്. പദ്ധതിക്കെതിരെ ധനവകുപ്പ് തുടക്കംമുതല്‍ ഉന്നയിച്ച തടസ്സവാദങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍, ഒന്നരമാസത്തിലധികമായിട്ടും ഫയലില്‍ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. പുതിയ തടസ്സവാദവുമായി ഫയല്‍ തിരിച്ചയക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.
സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വകലാശാലക്കെതിരായ ആദ്യ എതിര്‍പ്പ്. സര്‍വകലാശാലയുടെ ഘടന സംബന്ധിച്ചും വിശദാംശങ്ങള്‍ തേടി. എന്നാല്‍, സാമ്പത്തിക ബാധ്യത കുറവായിരിക്കുമെന്നും പി.ജി, ഗവേഷണ കോഴ്സുകള്‍ മാത്രമുള്ള സര്‍വകലാശാലയാണ് നിര്‍ദേശിക്കുന്നതെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. മാത്രവുമല്ല, കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാത്ത രീതിയില്‍ നോണ്‍ അഫിലിയേറ്റിങ് സര്‍വകലാശാലയാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ധനവകുപ്പിന്‍െറ കടമ്പ കടക്കാന്‍ കഴിയാതിരുന്നതോടെ വിഷയം നേരിട്ട് മന്ത്രിസഭയുടെ പരിഗണനക്ക് വെക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍െറ ശ്രമം. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം കാബിനറ്റ് നോട്ട് സഹിതം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ഫയല്‍ വീണ്ടും ധനവകുപ്പിന്‍െറ പരിഗണനക്ക് വിടുകയായിരുന്നു. ഒന്നര മാസത്തോളമായി ഫയല്‍ ധനവകുപ്പില്‍ കുടുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ബജറ്റില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം അയച്ചെങ്കെിലും ധനമന്ത്രി കെ.എം. മാണി എതിര്‍ക്കുകയായിരുന്നു. അറബിക് സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ ക്രിസ്ത്യന്‍ സര്‍വകലാശാലയും വേണമെന്നായിരുന്നു നിലപാട്. എന്നാല്‍ അറബി ഭാഷാ സര്‍വകലാശാലയാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചു. തര്‍ക്കത്തില്‍ കുരുങ്ങി നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ഒടുവില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി സ്പെഷല്‍ ഓഫിസറെ നിയമിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശമടങ്ങിയ ഫയലും ധനവകുപ്പ് മടക്കി.
സാമ്പത്തികബാധ്യതയാണ് തടസ്സമെങ്കില്‍ അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏജന്‍സികളില്‍നിന്ന് പണം കണ്ടത്തൊനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. സര്‍വകലാശാല തുടങ്ങിയാല്‍ ‘റുസ’ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം കണ്ടത്തൊനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എട്ടുമാസം മുമ്പാണ് ടി.പി. ശ്രീനിവാസന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ഡോ.പി. അന്‍വര്‍ ചെയര്‍മാനായ ഉപസമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.