ഹനീഫയുടെ കൊലപാതകം: കോണ്‍ഗ്രസ് ഉപസമിതി തെളിവെടുത്തു

തൃശൂര്‍: ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ്  ഉപസമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. 15 പ്രാദേശിക നേതാക്കളില്‍ നിന്നാണ് അഡ്വ. പി.എം സുരേഷ് ബാബു അധ്യക്ഷനായ സമിതി തെളിവെടുത്തത്. ടി.എസ് സുരേഷ് ബാബുവിനെ കൂടാതെ കെ.പി.സി.സി  ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബാബു പ്രസാദ്, സെക്രട്ടറി എം.എം. നസീര്‍ എന്നിവരടങ്ങിയതാണ് ഉപസമിതി.  

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. തെളിവെടുപ്പ് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്നും അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകവും കെ.പി.സി.സിക്ക് കൈമാറും. പ്രാദേശിക വിഷയങ്ങളാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന ഗോപ പ്രതാപനില്‍ നിന്നും ഉപസമിതി തെളിവെടുത്തിട്ടുണ്ട്. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി.പി.എമ്മുമാണെന്നും ബോബന്‍ ആരോപിച്ചു.

കൊലപാതക കേസിന്‍െറ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഷമീര്‍ എന്നയാള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.