കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ നാവികരുടെ മോചനത്തിന് ഇറ്റലി പിടിമുറുക്കുന്നു. കടല്‍നിയമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ (ഐ.ടി.എല്‍.ഒ.എസ്) തിങ്കളാഴ്ച നടക്കുന്ന കേസിന്‍െറ വാദം കേള്‍ക്കലില്‍ ഇന്ത്യയുടെ പങ്കുചേരല്‍ വഴിത്തിരിവായാണ് വിലയിരുത്തുന്നത്.
ഇന്ത്യന്‍ നിയമങ്ങളില്‍നിന്ന് രക്ഷനേടാന്‍ കേസ് ഏതുവിധേനയും രാജ്യാന്തര കോടതിയില്‍ എത്തിക്കുകയാണ് ഇറ്റലിയുടെ ലക്ഷ്യം. നാവികര്‍ക്കെതിരെ നടപടി തുടരാനുള്ള ഇന്ത്യയുടെ അധികാരം ചോദ്യം ചെയ്യുന്ന ഹരിജിയില്‍ ആര്‍ബിട്രേഷന് തയാറാണെന്നും ഇടക്കാല തീരുമാനം വേണമെന്നുമാണ് ഇറ്റലി ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ ജര്‍മിനിയിലെ ഹാംബര്‍ഗിലുള്ള എ.ടി.എല്‍.ഒ.എസ് ആസ്ഥാനത്ത് പങ്കെടുക്കുന്നത്. 1976ലെ മാരിടൈം സോണ്‍ നിയമപ്രകാരം കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ അധികാരപരിധിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ള ഇന്ത്യ, അന്താരാഷ്ട്ര കടല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കപരിഹാര മാര്‍ഗങ്ങളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുമെന്നാണ് 1995 ജൂണ്‍ 29ന് പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം പരിഗണിക്കാതെയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ആരോപണം. വെടിവെപ്പില്‍ മരിച്ച കൊല്ലം നീണ്ടകര സ്വദേശി ജലസ്റ്റിന്‍, കന്യാകുമാരി കുളച്ചല്‍ സ്വദേശി അജീഷ് പിങ്ക് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ഇറ്റലി, കേരള ഹൈകോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച ഹരജികളും പിന്‍വലിപ്പിച്ചിരുന്നു. അതേസമയം നാവികര്‍ക്കെതിരെ അന്താരാഷ്ട്ര കടല്‍ നിയമം ‘സുവ’ ചുമത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ വാദത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി ലഭിച്ചിട്ടില്ല. ബോട്ടിലുണ്ടായിരുന്ന കുളച്ചല്‍ സ്വദേശി ജോണ്‍സന്‍െറ അഭിഭാഷകന്‍ അഡ്വ.യാഷ് തോമസ് മാന്നുള്ളി വഴി സമര്‍പ്പിച്ച അപേക്ഷയാണ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ മടക്കിയത്. ഹരജിയില്‍ ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ മാത്രമേ അനുവദിക്കാനാവൂവെന്ന് വ്യക്തമാക്കി ട്രൈബ്യൂണല്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡു യങ് കിം ആണ് മറുപടി നല്‍കിയിരിക്കുന്നത്.
2012 ഫെബ്രുവരി 15ന് സെന്‍റ് ആന്‍റണീസ് ബോട്ടിന് നേരെയാണ് ഇറ്റാലിയന്‍ എണ്ണകപ്പല്‍ ‘എന്‍റിക്ക ലെക്സി’യില്‍ നിന്ന് വെടിവെപ്പുണ്ടായത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതോടെ കപ്പല്‍ ഇന്ത്യന്‍ തീരത്തേക്ക് തിരികെ വിളിപ്പിച്ചശേഷം ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തില്‍ തീരദേശ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡല്‍ഹിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ തുടര്‍ന്ന് അന്വേഷണം നടത്തിയ എന്‍.ഐ.എ. അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പ്രതികളില്‍ ചികത്സക്കായി ഇറ്റലിയിലേക്ക് മടങ്ങിയ ലത്തോറെ മാര്‍സിമിലാനോ ഇതുവരെ മടങ്ങിയത്തെിയിട്ടില്ല. സുവ നിയമപ്രകാരം കേസെടുത്താല്‍ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഇറ്റാലിയന്‍ സാവികര്‍ക്ക് മേല്‍ ആരോപിക്കുന്നത്. എന്നാല്‍, കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നും വെള്ളത്തിലേക്ക് നിറയൊഴിച്ചപ്പോള്‍ ബോട്ട് പുറംകടലിലേക്ക് തിരിഞ്ഞ് പോയിരുന്നുവെന്നുമാണ് ഇറ്റലി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.