ഇടതുമുന്നണിയെ തകര്‍ത്തത് പിണറായി വിജയന്‍ -ആര്‍.എസ്.പി

കൊല്ലം: സി.പി.എമ്മിനെയും സി.പി.ഐയെയും കടന്നാക്രമിച്ച് ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം. സി.പി.എമ്മിന്‍െറ ഏകപക്ഷീയ നിലപാടുകളും അതിനെ പിന്തുണക്കുന്ന സി.പി.ഐ സമീപനവും ഇടതുപക്ഷബദല്‍ എന്ന ആശയത്തെ അപകടപ്പെടുത്തി. ഇടതുപക്ഷങ്ങളെ യോജിപ്പിച്ച് അധ്വാനവര്‍ഗത്തിന്‍െറ അവകാശസംരക്ഷണത്തിന് പോരാടുന്നതില്‍നിന്ന് ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും പിന്നാക്കംപോയി.

നിര്‍ണായക രാഷ്ട്രീയസാഹചര്യങ്ങളില്‍ ഇടതുപക്ഷത്തിന്‍െറ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിന് ഗുണകരമായ നിലപാടുകളാണ് സി.പി.എം കൈക്കൊണ്ടിട്ടുള്ളത്. ഇതിനുകാരണം സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന അവിശുദ്ധബന്ധമാണ്. എസ്.എ. ഡാങ്കേക്കും ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനും കോണ്‍ഗ്രസ് നേതാക്കളുമായുണ്ടായിരുന്ന പരിപാവനമല്ലാത്ത ബന്ധം പരസ്യമാണ്. ഒന്നാം യു.പി.എ സര്‍ക്കാറിന് ഇടതുപിന്തുണ നല്‍കുന്നതായി സുര്‍ജിത് സോണിയ ഗാന്ധിക്ക് വാക്കുനല്‍കിയത് ഏകപക്ഷീയ നിലപാടായിരുന്നു. സി.പി.ഐക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നിരിക്കാം.

കേരളത്തിലെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനോ പാര്‍ട്ടികള്‍ക്കോ ഗുണകരമായില്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി സി.പി.എം സ്വീകരിച്ച അടവുനയങ്ങള്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന താത്ത്വികാടിത്തറക്ക് ഇളക്കമുണ്ടാക്കി. വര്‍ഗീയതക്കും അഴിമതിക്കും നവഉദാരവത്കരണനയങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ പിന്നാമ്പുറത്തേക്ക് തള്ളി. പി.ഡി.പി, ഡി.ഐ.സി, മുസ്ലിംലീഗ് എന്നിവയുമായുള്ള അടവുനയ ബാന്ധവം ഇടത് തത്ത്വചിന്തക്കെതിരായിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയപ്രചാരണങ്ങളെ ആരോഗ്യകരമായി നേരിടുന്നതില്‍ ഇടതുപക്ഷം കാര്യപരിപാടി ആവിഷ്കരിക്കുന്നില്ല. സി.പി.എമ്മിന്‍െറ അടവുനയങ്ങള്‍ ബി.ജെ.പിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമായി.

യു.ഡി.എഫ് സര്‍ക്കാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വികസനക്കുതിപ്പുമായി ബഹുദൂരം മുന്നോട്ടുപോയി. സേവനരംഗത്തും പുതിയ ദിശാബോധമുണ്ട്. എന്നാല്‍, ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളിലത്തെുന്നില്ല. അഴിമതിയുടെയും മറ്റുംപേരില്‍ ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കണം. സംഘടനാപരമായ വീഴ്ചകള്‍ എ.എ.പിയുടെ വിശ്വാസ്യതക്ക് കളങ്കം ചാര്‍ത്തിയെങ്കിലും അവര്‍ ഉയര്‍ത്തുന്ന അഴിമതിരഹിത, നന്മാധിഷ്ഠിത രാഷ്ട്രീയത്തിന് രാജ്യത്ത് അംഗീകാരം ലഭിക്കുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.