കണ്ണൂര്‍: പാകിസ്താന്‍ പൗരത്വം ആരോപിച്ച് തടവിലാക്കപ്പെട്ട കണ്ണൂര്‍ സ്വദേശി മൂന്നുവര്‍ഷമായി കൊല്‍ക്കത്ത ജയിലില്‍. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പാലക്കൂല്‍ സ്വദേശി പൊങ്ങനോളി വീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ പി. യൂസഫാണ് (65) കൊല്‍ക്കത്ത ഡംഡം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. കോടതി ജയില്‍മോചിതനാക്കി ഒരുവര്‍ഷം പിന്നിട്ടെങ്കിലും പാകിസ്താനൊ ഇന്ത്യയൊ പൗരത്വം അംഗീകരിക്കാന്‍ തയാറാകാത്തതിനാല്‍ യൂസഫിന് പുറംലോകം കാണാന്‍ കഴിഞ്ഞിട്ടില്ല.
2012 ജനുവരി 18ന് പശ്ചിമബംഗാളിലെ ബംഗ്ളാദേശ് അതിര്‍ത്തിപ്രദേശമായ ബന്‍ഗോണില്‍നിന്നാണ് പാകിസ്താന്‍ സ്വദേശികളായ അതീഖുര്‍ റഹ്മാന്‍, പി. മുഹമ്മദ് എന്നിവര്‍ക്കൊപ്പം യൂസഫ് അറസ്റ്റിലായത്. അനധികൃതമായി ഇന്ത്യയിലേക്ക് അതിര്‍ത്തി മുറിച്ചുകടക്കുമ്പോള്‍ പിടികൂടിയെന്നാണ് അധികൃതരുടെ ഭാഷ്യം.
കൊല്‍ക്കത്ത അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരം 650 ദിവസത്തേക്ക് തടവിലാക്കി. 2013 നവംബറില്‍ ഡംഡം സെന്‍ട്രല്‍ കറക്ഷനല്‍ ഹോം മോചിപ്പിക്കാന്‍ ഉത്തരവിട്ടു. മറ്റു രണ്ടുപേരും പാകിസ്താനിലേക്ക് മടങ്ങിയെങ്കിലും യൂസഫ് ജയില്‍മോചിതനായില്ല.
പാകിസ്താന്‍ സര്‍ക്കാര്‍ ഇയാളെ അവിടത്തെ പൗരനായി സ്വീകരിക്കാന്‍ തയാറായിട്ടില്ല. അതേസമയം, കോടതി ഉത്തരവ് പാകിസ്താനിലേക്ക് വിട്ടയക്കണമെന്നായതിനാല്‍ ഇന്ത്യാസര്‍ക്കാറും ഇയാളുടെ മോചനക്കാര്യത്തില്‍ ഇടപെടാന്‍ തയാറായില്ല.
2011 ഡിസംബറില്‍ വീട്ടില്‍നിന്ന് കാണാതായ യൂസഫ് ഡംഡം ജയിലില്‍ കഴിയുന്നതായി മകന്‍ നൗഫലിനെ 2013 മേയ് മാസത്തില്‍ ജയിലില്‍നിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു.
നൗഫലും മാതാവ് നബീസുവും യൂസഫിന്‍െറ പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി ജയിലധികൃതരെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. കോടതി യൂസഫിനെ പാകിസ്താന്‍ പൗരനായി കണക്കാക്കിയതിനാല്‍ തങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
തന്നെ ജയില്‍മോചിതനാക്കി ജന്മനാട്ടിലത്തെിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് യൂസഫും ഇതേ ആവശ്യമുന്നയിച്ച് ഭാര്യ നബീസു മകന്‍ നൗഫല്‍ എന്നിവരും കൊല്‍ക്കത്ത ഹൈകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്ത് കാത്തിരിക്കുകയാണ്. പാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. യൂസഫ് പാനൂര്‍ വില്ളേജില്‍ സ്ഥിരതാമസക്കാരനാണെന്നും ഇവിടെ ഭാര്യയും മകനും സ്വന്തംപേരില്‍ ഭൂമിയുമുണ്ടെന്നും സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.