പാലക്കാട് ഐ.ഐ.ടിയില്‍ ക്ളാസുകള്‍ക്ക് ഇന്ന് തുടക്കം

പാലക്കാട്: ഉന്നത സാങ്കേതിക പഠന കേന്ദ്രമെന്ന കേരളത്തിന്‍െറ ചിരകാല അഭിലാഷം പൂര്‍ത്തീകരിച്ച് പാലക്കാട് ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യാഥാര്‍ഥ്യമാവുന്നു. വാളയാര്‍ കനാല്‍പിരിവിലെ അഹല്യാ കോളജിലെ താല്‍ക്കാലിക കാമ്പസില്‍ തിങ്കളാഴ്ച അധ്യയനത്തിന് തുടക്കമാവും. രാവിലെ 10.10ന് കാമ്പസില്‍ ഒരുക്കുന്ന ഓറിയന്‍േറഷന്‍ ഫങ്ഷനില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികളുമായി സംവദിക്കും. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പങ്കെടുക്കും.  ഒൗപചാരിക ഉദ്ഘാടനം മന്ത്രി സ്മൃതി ഇറാനിയുടെ തീയതി കിട്ടിയാലുടന്‍ ഉണ്ടാവും. ആദ്യവര്‍ഷം സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലായി 117 കുട്ടികളാണ് പ്രവേശം നേടിയത്. ഓരോ വിഷയത്തിലും 30 പേര്‍ക്ക് വീതമാണ് പ്രവേശം. ആദ്യ ബാച്ചില്‍ ആറു പെണ്‍കുട്ടികളേയുള്ളു. വിദ്യാര്‍ഥികളില്‍ 12 പേര്‍ മലയാളികളാണ്. പകുതിയോളം വിദ്യാര്‍ഥികള്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് തന്നെ കാമ്പസില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ എത്താന്‍ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചൊവ്വാഴ്ച വരെ ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി.
ഓറിയന്‍േറഷന്‍ പരിപാടിയില്‍ മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. ഭാസ്കര്‍ രാമമൂര്‍ത്തി, അഡീ. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവര്‍ സംബന്ധിക്കും. ബുധനാഴ്ച ക്ളാസുകള്‍ തുടങ്ങും. അഹല്യ ഫാര്‍മസി കോളജിന് സമീപമുള്ള താല്‍ക്കാലിക കാമ്പസില്‍ 55,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അക്കാദമിക് കെട്ടിടവും ഹോസ്റ്റല്‍ ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാലക്കാട് ഐ.ഐ.ടിയുടെ  പൂര്‍ണ ചുമതല മദ്രാസ് ഐ.ഐ.ടിക്കാണ്. പ്രഫ. ബി.പി. സുനില്‍കുമാറിനാണ് കാമ്പസ് ഇന്‍ചാര്‍ജ്.
മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് സീനിയര്‍ അധ്യാപകര്‍ ഓരോ ആഴ്ചയിലും നിശ്ചിത സമയം പാലക്കാട്ടത്തെി ക്ളാസെടുക്കും. ചെന്നൈ ഐ.ഐ.ടിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
സ്ഥിരം കാമ്പസിനായി പുതുശ്ശേരി വെസ്റ്റ് വില്ളേജില്‍ 500 ഏക്കര്‍ സ്ഥലം കണ്ടത്തെിയിട്ടുണ്ട്. മൂന്ന് മാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി സ്ഥിരം കാമ്പസിന്‍െറ നിര്‍മാണം ആരംഭിക്കും. മൂന്ന് വര്‍ഷത്തിനകം സ്ഥിരം കാമ്പസ് സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.